കിന്നരൻമാരുടെ നാടും കടന്ന്
കിന്നരൻമാരുടെ നാടും കടന്ന്
അരുൺ സതി ഭാസ്ക്കർഒരുക്കങ്ങൾ
യാത്രാ മോഹങ്ങളിലേക്ക് പിടിച്ചിട്ടത് പുതിയ ചില മനുഷ്യരാണ്. പൊതുവെ ഹിന്ദിയറിയാത്തവരാണല്ലോ മലയാളികൾ. അതുകൊണ്ടു തന്നെ കേരളത്തിനും തമിഴ് നാടിനുമപ്പുറം യാത്ര ചെയ്യാൻ തന്റേടം ചോർത്തുന്നതും ഭാഷാ പരിമിതി തന്നെ. മുറി ഹിന്ദി കൊണ്ടും യാത്ര ചെയ്യാമെന്ന് പഠിപ്പിച്ച മനുഷ്യരോടൊപ്പം തുടങ്ങിയതാണ് ഹൈദ്രാബാദിൽ നിന്നുള്ള ചെറിയ യാത്രകൾ . പക്ഷേ ചെയ്യ്ത യാത്രകളിൽ വിട്ടു പോയ രണ്ടിടങ്ങളുണ്ട് . മഞ്ഞും മണലാരണ്യങ്ങളും . വേനൽ മൂക്കുമ്പോൾ ഹൈദാബാദും വറ ചട്ടിയായി മാറും. അങ്ങിനെയാണ് ഇന്ത്യയുടെ മുകളിലേക്കുള്ള യാത്രകൾ ആലോചിച്ചു തുടങ്ങുന്നത്.
ലഡാക്കിലേക്ക് വണ്ടി കയറാമെന്ന പ്ലാൻ കറങ്ങാൻ കുറഞ്ഞത്ര രണ്ടാഴ്ചയെങ്കിലും വേണം ലഡാക്ക് എന്ന കൂട്ടുകാരുടെ വാക്കിലുടഞ്ഞു.
ഒടുവിൽ സ്പിറ്റി വാലിയിൽ പ്ലാനുറച്ചു .
ഒരാഴ്ചത്തെ ലീവ് ഒപ്പിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു.
ഷിംലയിൽ നിന്നും തുടങ്ങി കാസയിലൂടെ മണാലിയിലേക്കായിരുന്നു. ആദ്യ പ്ലാൻ . പക്ഷേ കാസയിൽ നിന്നും മണാലിയിലേക്കുള്ള പാത തുറക്കാൻ മാർച്ച് കഴിയുമത്രേ. അങ്ങിനെ ഷിംല - കാസ തിരികെ ഷിംല എന്ന പ്ലാനിൽ എത്തിച്ചേർന്നു. Devilzonwheels പബ്ലിഷ് ചെയ്ത Trip Guide വലിയ സഹായമായിരുന്നു.
മഞ്ഞു നാടുകളിലേയ്ക്കുള്ള ആദ്യയാത്രയാണ്. നല്ല ടെൻഷനുണ്ട്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കൊടൈക്കനാൽ യാത്ര പോയതും തണുത്ത് മരച്ചു പോവാതെ തിരികെ വന്നതിന്റെ കഥ പോളി പറഞ്ഞത് മനസിൽ കിടപ്പുണ്ട്. മഞ്ഞു കാലം വേനലിന് വഴി മാറിയെങ്കിലും സ്പിറ്റി വാലിയിലെ പ്രദേശങ്ങളിപ്പോഴും വെള്ളം മഞ്ഞാവുന്ന താപനില വിട്ടിട്ടില്ല. ടെന്റടിക്കാനുള്ള ഒരു പ്ലാനും കൂടി മനസിലുള്ളതു കൊണ്ട് മഞ്ഞു കുപ്പായങ്ങൾക്കായുള്ള അന്വേഷണങ്ങൾ ആയിരുന്നു പിന്നീട് .
പശുവിന്റേയും ആര്യയുടേയും കയ്യിലുണ്ടായിരുന്ന മഞ്ഞു കുപ്പായങ്ങളും ഒപ്പിച്ചതോടെ തണുപ്പിന്റെ കാര്യം സെറ്റ് ആയി .
DAY 1: 9 April 2022 saturday
ഇനി ബൈക്കിനേയും യാത്രയിൽ കൂടെ കൂട്ടണം . നമ്മൾ യാത്ര ചെയ്യുന്ന അതേ തീവണ്ടിയിൽ ബൈക്ക് ലഗേജ് ആയി നമുക്കു കൊണ്ടു പോവാം . ഹൈദ്രാബാദ് നമ്പള്ളിയിൽ നിന്നും രാത്രി 11 മണിക്കത്തെ തീവണ്ടിക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. പക്ഷേ പാഴ്സൽ ഓഫീസ് 6 മണിക്ക് അടയ്ക്കും എന്നു കേട്ടതു കൊണ്ട് 5 മണി കഴിഞ്ഞപ്പോഴേയ്ക്കും സ്റ്റേഷനിൽ എത്തി. വണ്ടിയിലെ പെട്രോൾ, ടാങ്കിൽ തുണിയിട്ട് വറ്റിച്ചിട്ടാണ് പാക്ക് ചെയ്യുന്നത്. 3 ലിറ്റർ പെട്രോൾ പാക്ക് ചെയ്യുന്ന ചേട്ടന് ചുമ്മ കിട്ടി. കൂടെ ഒരു ഇരുനൂറും . തുണിയിട്ട് വറ്റിച്ചതു പോരാഞ്ഞിട്ട് വീണ്ടും വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് എഞ്ചിനിലെ പെട്ടേൾ വരെ വറ്റിച്ചു. FI എഞ്ചിൻ ആയതു കൊണ്ടും എണ്ണ തീരും വരെ Fl ഉള്ള വാഹനങ്ങൾ ഓടിക്കുന്നത് കൊള്ളില്ല എന്നും കേട്ടിട്ടുള്ളതു കൊണ്ടും ഈ പണി ചെയ്യുന്ന കണ്ടപ്പോൾ ഒരിത്തിരി സങ്കടം വന്നു. പക്ഷേ വേറെ വഴിയില്ലാലോ.
വാഹനത്തിന്റെ വില കാണിക്കുന്ന ഫോമിനോടൊപ്പം ബൈക്കിന്റെ RC , ട്രെയിൻ ടിക്കറ്റ് ഐഡി കാർഡ് ഇത്രയും കൊടുത്ത് വേണം ലഗേജ് ബുക്ക് ചെയ്യാൻ . 1,60,000 രൂപയാണ് വണ്ടിയുടെ വിലയായി ഫോമിൽ എഴുതിയത് പക്ഷേ പാർസൽ ഓഫീസിലെ ചേട്ടന്മാര് അത് വെട്ടി 48,000 ആക്കാൻ പറഞ്ഞു. അതിനു മുകളിൽ വില കാണിച്ചാൽ ലഗേജ് ചാർജ് വളരെ കൂടുതൽ ആയിരിക്കുമെന്ന് തോന്നുന്നു. അങ്ങനെ 3500 രൂപയ്ക്ക് ഹൈദ്രാബാദിൽ നിന്നും നിസാമുദീനിലേയ്ക്ക് ബൈക്ക് പാർസൽ ചെയ്യ്തു.
ഏഴു മണി ആയപ്പോഴേക്കും ഈ പണികൾ ഒക്കെ തീർന്നു. ഇനി 11 മണി വരെ സമയമുണ്ട്. നേരെ കോട്ടി മാർക്കറ്റിലേക്ക് വച്ചു പിടിച്ചു. ഒരിത്തിരി സാധനങ്ങൾ കൂടി ഒപ്പിക്കാനുണ്ട്. ഒരു റെയിൻ പാന്റ്, റൈഡിങ്ങ് ഗിയേർസ് , ചെയിൻ ലൂബ്, അത്യാവശ്യ മരുന്നുകൾ . മരുന്നൊഴികെ എല്ലാമൊപ്പിച്ച് പായയും ഡക്കാൺ നാനും ഹലീമും കയറ്റി കുടലിനെയും സമാധാനിപ്പിച്ച് തിരികെ സ്റ്റേഷനിലേക്ക്. ഒടുവിൽ ബൈക്ക് ട്രെയിൻ കയറ്റി എന്നുറപ്പിച്ച് ബുക്ക് ചെയ്യ്ത സ്ലീപ്പർ സീറ്റുകളിലേയ്ക്ക് . ടെന്റും സ്ലീപ്പിങ് ബാഗും മഞ്ഞു കുപ്പായങ്ങളും റൈഡിങ്ങ് ഗിയേർസും കൂടിയാകുമ്പോൾ സാമാന്യം നല്ല ലഗേജുണ്ട്. ഏതേലും കുരുത്തം കെട്ടവന് എന്തേലും അടിച്ചു മാറ്റാൻ തോന്നിയാലോ എന്ന പേടിയിൽ കിട്ടിയ ബർത്തിൽ തന്നെ ലഗേജ് അടുക്കി വച്ച് അവയെ കെട്ടിപ്പിടിച്ച് യാത്രയിലെ ആദ്യ തീവണ്ടിയുറക്കം.
Day 2 : 10 April 2022 sunday
വണ്ടി പോവുന്ന വഴികത്രയും വിജനം . നല്ല വളഞ്ഞു തിരിഞ്ഞാണ് ഈ ട്രെയിനിന്റെ പോക്ക്. നർമ്മദ യിൽ നല്ല വെള്ളം പക്ഷേ ചുട്ടു വട്ടത്തെ കൃഷിയിടങ്ങളൊക്കെ നല്ല വരണ്ടുണങ്ങിയാണ് കിടപ്പ്. ഗ്രാമങ്ങളിലും കൊയ്ത്ത് യന്ത്രങ്ങൾ എത്തിയിരിക്കുന്നു. വരണ്ട ഭൂമിയിൽ പുൽ നാമ്പുകൾ തേടിയുള്ള കാലിക്കൂട്ടങ്ങളുടെ യാത്ര . പല പാടങ്ങളിലും വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. ചില പാടങ്ങൾ നിന്നു കത്തുകയാണ്. പുതിയ വിളകൾക്കുള്ള നിലമൊരുങ്ങുന്നു. പുറത്ത് വെയിൽ മൂക്കുന്നുണ്ട് , ഇരുമ്പ് കമ്പാർട്ട്മെന്റ് പൊള്ളാൻ തുടങ്ങുന്നു. സഹയാത്രികരെല്ലാം ചൂടിന്റെ ആലസ്യങ്ങളിലാണ്. കലമ്പി കൊണ്ടിരുന്ന കുഞ്ഞ് മുലകുടി കഴിഞ്ഞ് ഉറക്കത്തിലേയ്ക്ക് ഊളിയിട്ടു. കൂടെ ഞങ്ങളും .
അഞ്ചര കഴിഞ്ഞപ്പോഴേയും ചൂടൊരിത്തിരി കുറഞ്ഞിരിക്കുന്നു. സൂര്യൻ അന്നത്തെ പണി കഴിഞ്ഞ് വീട്ടിൽ പോവാനൊരുങ്ങുന്നു.
സ്പിറ്റി വാലിയിലേക്ക് ചാടി പുറപ്പെട്ടെങ്കിലും എവിടെയൊക്കെയാണ് പോവേണ്ടത് എന്തൊക്കെയാണ് കാണേണ്ടത് എന്ന യാതൊരു പ്ലാനും മനസിലില്ല. എപ്പോഴേയും കിട്ടുന്ന ഇന്റർനെറ്റ് നോക്കി ആദ്യ മൂന്നു ദിവസത്തേയ്ക്കുള്ള അമൂർത്തമായ ഒരു പ്ലാൻ ഒരുക്കി. ഓഫ് ലൈൻ ആയി ഹിമാചൽ പ്രദേശിന്റെ മാപ്പും ഫോണിൽ സേവ് ചെയ്യ്ത് വച്ചു. സമയം 10.30 pm, രാവിലെ നാലിന് നിസാമുദ്ധീൻ എത്തും പറ്റിയാൽ ഒരു കുളിയും പാസാക്കി നേരെ നർക്കണ്ടയ്ക്ക് വച്ചു പിടിക്കണം. ഡൽഹിയിൽ നിന്നും 404 കിലോമീറ്റർ ദൂരമുണ്ട്. 10 മണിക്കൂറെങ്കിലും പിടിക്കും. നാളെ രാത്രി ഹാതു പീക്കിൽ ടെന്റടിക്കാനുള്ള പ്ലാനുമിട്ട് നേരത്തെ ഉണരാനുറച്ച് ട്രെയിനിന്റെ തൊട്ടിൽ താളത്തിൽ ഉറങ്ങാൻ കിടന്നു.
Day 3: 11 April 2022 Monday
"ആപ്കോ ജഡ്ക ലഗേഗ " .ദേ ഒരു പോലീസുകാരൻ . സമയം രാവിലെ 1 മണി. നല്ല ഉറക്കത്തിലായിരുന്നു. . ഫോണിലും പവർ ബാങ്കിലും ചാർജ് നിറയ്ക്കാനുള്ള തത്രപ്പാടിലാണ്. രണ്ടും ഒരേ സമയം ചാർജ് ആയിക്കൊണ്ടിരിക്കുന്നു. തലയ്ക്കടിയിലൂടെയാണ് ചാർജറിന്റെ വയറുകൾ കടന്നു പോവുന്നത്. ഇതു കണ്ട് ഇവനെങ്ങാനും ഷോക്കടിച്ചു മരിച്ചു പോവുമോ എന്നു കരുതലിന്റെ ഭാഗമായിട്ടാണ് മൂപ്പര് വിളിച്ചെണീപ്പിച്ചത്. നല്ല കാര്യം പക്ഷേ ഉറങ്ങിക്കൊണ്ടിരുന്ന ആ പൊസിഷൻ നഷ്ടമായി. പിന്നെ കുറച്ചധികം നേരമെടുത്തു വീണ്ടുമൊന്നുറങ്ങാൻ .
3.45 ഓടെ നിസാമുദ്ധീൻ എത്തിച്ചേർന്നു. ലഗേജുകൾ എല്ലാം വാരിപ്പിടിച്ച് പ്ലാറ്റ്ഫോമിലേക്ക്
എന്തായാലും ബൈക്ക് ട്രെയിനിൽ തന്നെയുണ്ടോ എന്നൊന്ന് നോക്കിയേക്കാം. ഹൈദ്രാബാദിൽ നിന്നു തുടങ്ങുമ്പോൾ മൂന്നോളം ലഗേജ് കമ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നേ കാണുന്നുള്ളൂ. ഒരിത്തിരി ആശങ്ക മനസിൽ പെരുകി. അവസാനത്തെ രണ്ട് ലഗേജ് കമ്പാർട്ടുകൾ വഴിയിലെപ്പോഴോ അഴിച്ചു മാറ്റിയിരിക്കുന്നു. എന്തായാലും ബൈക്ക് അവസാനത്തെ കമ്പാർട്ട്മെന്റിൽ അതുപോലെ ഇരിപ്പുണ്ട്. ട്രെയിനിന്റെ ഉലച്ചിലിൽ ബൈക്ക് മറിഞ്ഞു വീഴുമോ എന്ന ഭയവും മാറി.
ഒന്ന് ഫ്രഷാവേണ്ടതുണ്ട്. സ്ലീപ്പർ വെയിറ്റിങ്ങ് റൂമിൽ വൻ തിരക്ക്. AC വെയിറ്റ് റൂമിൽ കയറി ഊഴം കാത്തു നിന്ന് കുളിച്ച് പുറത്തിറങ്ങി.
പാർസൽ ഓഫീസിൽ നിന്നും വണ്ടി മേടിക്കണം. ഓഫീസിൽ ചെന്നപ്പോൾ ഗേറ്റ് പാസ്സ് കിട്ടാൻ അതാത് പ്ലാറ്റ്ഫോമുകളിൽ ഉള്ള ഓഫീസിൽ ചെന്ന് ലഗേജ് രജിസ്ട്രേഷൻ ഫോമിൽ എൻട്രി ചെയ്യിക്കേണ്ടതുണ്ട്. ഒടുവിൽ ഗേറ്റ് പാസ്സ് കിട്ടി വണ്ടി സെക്യൂരിറ്റി ചെക്കും കഴിഞ്ഞ് പുറത്തെത്തിച്ചു. അടുത്ത പ്രശ്നം വണ്ടിയിൽ ഒരു തുള്ളി പെട്രോൾ ഇല്ല. വണ്ടി എടുക്കാൻ സഹായിച്ച ചേട്ടനോട് തന്നെ പെട്രോൾ കിട്ടുമോ എന്നു ചോദിച്ചു. 100 രൂപയ്ക്ക് കിട്ടിയ അര ലിറ്റർ പെട്രോൾ കൊണ്ട് വണ്ടി അടുത്ത പമ്പിലെത്തിച്ചു. ഫുൾ ടാങ്ക് എണ്ണയുമടിച്ച് നേരെ ചണ്ടീ ഗഡിന് .
ദില്ലിയുടെ നഗരം എത്രയും പെട്ടെന്ന് കടക്കേണ്ടതുണ്ട്. ട്രാഫിക്ക് ബ്ലോക്കുകളിൽ കളയാൻ ഒട്ടും നേരമില്ല. ദില്ലി തീരും വരെ ചായക്കു പോലും വണ്ടി നിർത്താൻ മനസുവന്നില്ല. രാവിലെ 11 ആവുന്നേയുള്ളൂ ദില്ലിയ്ക്ക് ചൂടുമൂക്കാൻ തുടങ്ങുന്നു. ദില്ലിയുടെ നഗരം തീരുന്നിടത്ത് ഒരു തട്ടുകട കണ്ടു. നല്ല ചന്ന ബട്ടൂര. അതും കഴിച്ച് വീണ്ടും യാത്ര തുടങ്ങി.
ദില്ലിയിൽ നിന്നും ഷിംലയ്ക്ക് 340 കിലോ മീറ്ററുണ്ട്. റോഡ് മോശമില്ല. ഇന്ന് നർക്കണ്ട എത്തേണ്ടതാണ്. നല്ല സ്പീഡിൽ തന്നെയാണ് യാത്ര. ഷിംലയോടുക്കുമ്പോൾ വഴിയരികിൽ വസന്തത്തിന്റെ വരവറിയിച്ച് മരങ്ങൾ പൂത്തു നിൽക്കുന്നു. ഷിംല എത്തിയിരിക്കുന്നു.
![]() |
| ഷിംലയെത്തിയതോടെ തട്ടുകളായുള്ള വീടുകൾ കണ്ടു തുടങ്ങിയിരിക്കുന്നു. |
Acute mountain symptoms ന് ഉപയോഗിക്കുന്ന Diamox എന്ന മരുന്ന് കൂടി മേടിക്കാൻ ബാക്കിയുണ്ട്. ഉയരം കൂടുമ്പോൾ ഓക്സിജൻ അളവ് കുറയുന്നതിന്റെയൊക്കെ ഭാഗമായി തലവേദന , വയറിളക്കം ഛർദി ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ടേത്രേ. അങ്ങിനെയുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാണ് Diamox.
നർക്കണ്ടയ്ക്ക് ഇനി 60 കിലോ മീറ്റർ കൂടി. ഉയരം കൂടുകയാണ്. ചെറിയ തലവേദന തോന്നുന്നുണ്ട്. പക്ഷേ കുറച്ചു കഴിഞ്ഞേപ്പോൾ അത് മാറി. വായിച്ചതറിഞ്ഞതു വച്ച് ശരീരം aclimatized ആയിക്കഴിഞ്ഞാൽ തലവേദനയൊക്കെ മാറിക്കോളും എന്നാണ്. അതു കൊണ്ട് പിന്നെ diamox കഴിക്കാൻ നിന്നില്ല.
നർക്കണ്ട എത്തി. ആദ്യ ദിവസം തന്നെ ടെന്റ് അടിക്കാനുള്ള പ്ലാനാണ്. ഹാതു മാതാ ടെമ്പിളിനടുത്ത് ഇതുവരെ തുറന്നു കൊടുത്തിട്ടില്ലാത്ത ഒരു ഗവൺമെന്റ് ഫോറസ്റ്റ് ഹൗസ് ഉണ്ട്. അവിടെ ആളുകൾ ടെന്റടിയ്ക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്. ഇരുട്ടായിട്ടുണ്ട്. നർക്കണ്ട ടൗണിൽ നിന്നും 2 കിലോ മീറ്ററാണ് ഹാതു പീ ക്കാലേക്ക് ഗൂഗിൾ മാപ്പ് കാണിക്കുന്നത്. എന്തായാലും പോയി നോക്കാം നടക്കൂല എങ്കിൽ തിരിച്ചിറങ്ങാമല്ലോ. ഇത്തിരി ദൂരമല്ലേയുള്ളൂ. ഓഫ് റോഡാണ്. കയറി ചെല്ലുന്തോറും വഴി ഭീകരമായി വരുന്നു. കുത്തനെയുള്ള കയറ്റം. താഴെ പോയാൽ വലിയ ആഴങ്ങളിലേയ്ക്കാണ് പതിക്കുക. നല്ല ഇരുട്ട്. വിജനത ഭേദിച്ചു കൊണ്ട് ഒരു കാർ കുന്നിറങ്ങി വന്നു. പകുതി ആശ്വാസമായി ആളുകൾ പോകാറുള്ള വഴിയാണ്. ഫസ്റ്റ് ഗിയറിൽ വണ്ടി വലിഞ്ഞു കയറുകയാണ്. അതിനിടയിലൂടെ ഒരുത്തൻ ഹിമാ ലനിൽ പറന്നു പോയി. ഈ നാട്ടുകാരനാണ്. വഴിയെക്കുറിച്ച് നല്ല ധാരണയുള്ളവനാണ്. ഞങ്ങൾ പതുക്കെ മുകളിലേയ്ക്കു കയറി. വശങ്ങളിൽ ചിലയിടങ്ങളിൽ വെള്ള പെയിന്റടിച്ചതു പോലെ തോന്നി. കുറച്ചു കൂടി കഴിയേണ്ടി വന്നു അത് മഞ്ഞാണെന്ന് തിരിച്ചറിയാൻ. ഇപ്പോൾ വഴിയിൽ പലയിടത്തും മഞ്ഞ് കാണുന്നുണ്ട്.
വഴി തീരുന്നത് ഹാതു മാത ടെമ്പിളിന്റെ ഗേ റ്റിനു മുന്നിലാണ്. വണ്ടി അവിടെ വച്ച് ഹാതു മാത പീക്കിലേക്ക് നടന്നു. സ്ഥലം കണ്ടു. രാവിലെ നല്ല വ്യൂ കിട്ടാൻ വഴിയുണ്ട്. കുന്നിറങ്ങുന്നില്ല ഇവിടെ തന്നെ കൂടാം എന്ന് മനസുറപ്പിച്ചു. അവിടെ ടെന്റടിയ്ക്കാൻ കുഴപ്പമുണ്ടോ എന്നറിയില്ല. ക്ഷേത്രത്തിൽ ചെന്ന് പൂജാരിയോട് ചോദിക്കാം എന്നു വച്ചു.
![]() |
| ഹാതു മാതാ ടെമ്പിൾ . പൂജാരി അകത്ത് പൂജ ചെ യ്യ്തു കൊണ്ടിരിയ്ക്കുകയാണ്. |
ആള് പൂജയിലാണ്. തണുപ്പു കാരണം വാതിലുകളൊക്കെ അടച്ച് ഇട്ടിരിയ്ക്കുകയാണ്. തട്ടിയും മുട്ടിയും ശബ്ദമുണ്ടാക്കി ആളെ പുറത്തു കൊണ്ടു വന്നു. പ്രാർത്ഥിക്കുന്ന പോലെ കാണിച്ച് ചെറിയ ദക്ഷിണയും കൊടുത്ത് ടെന്റടിക്കുന്ന കാര്യം ചോദിച്ചു. കുഴപ്പമില്ല എന്ന് മൂപ്പരുടെ പറഞ്ഞതോടെ ഇനി ഒന്നും നോക്കാനില്ല. നേരെ പോയി ടെന്റടിച്ചു. 11152 ft ഉയരത്തിലാണ് ആദ്യ ക്യാമ്പിങ്ങ്. AMS നെ കുറിച്ചുള്ള ഭയം മനസിലുണ്ട്. 8000 ft ൽ അല്ലെങ്കിൽ അതിൽ താഴെ ആൾട്ടിട്ട്യൂസിൽ താമസിച്ച് ശരീരം പുതിയ സാഹചര്യവുമായി ഇണങ്ങിയതിനു ശേഷമേ കൂടുതൽ ഉയരങ്ങളിലേയ്ക്ക് പോകാവൂ എന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളാവട്ടെ ആദ്യ ദിവസം തന്നെ വലിയ ഉയരങ്ങളിലേയ്ക്കാണ് കയറിയിരിക്കുന്നത്. . ചെറിയ എന്തെങ്കിലും ചെയ്യുമ്പോൾ തന്നെയും വല്ലാതെ ക്ഷീണിയ്ക്കുന്നു. ഓക്സിജന്റെ അളവ് കുറവ് വളരെ വ്യക്തമായി മനസിലാവുന്നുണ്ട്. ഇരുമ്പിന്റെ ഒരു കൂടാരമുണ്ടവിടെ നോക്കുമ്പോൾ ഒരു ജനൽപ്പാളി തുറന്നു കിടക്കുന്നുണ്ട്. അതിനുള്ളിൽ കയറിയാണ് ടെന്റടിച്ചത്. പണ്ടെപ്പോഴോ ആരോ ക്യാമ്പ് ഫയറിട്ടതിന്റെ ബാക്കിപത്രങ്ങൾ അവിടെയുണ്ട്. ടെന്റടിച്ചു കൊണ്ടിരിക്കെ ഒരു പട്ടിയും കയറി വന്നു. സൈഡിൽ കിടന്ന് അവനുറക്കമായി. ഞങ്ങൾ തണുത്തു വിറയ്ക്കുന്നുണ്ട്. ക്യാമ്പ് ഫയറിടാമെന്ന് വച്ച് പുറത്തിറങ്ങി കിട്ടിയ ചുള്ളിക്കമ്പുകളൊക്കെയായി തിരിച്ചെത്തി. നല്ല കാറ്റുണ്ട് തീ പിടിയ്ക്കുന്നില്ല. കടലാസ് എന്തേലും കണ്ടെത്തേണ്ടതുണ്ട്. വേസ്റ്റ് ഇട്ടു വച്ച ബിന്നിൽ വലിഞ്ഞു കയറിയൊക്കെ കുറച്ച് കടലാസ് ഒപ്പിച്ചു.
![]() |
| വേസ്റ്റ് ബിന്നിൽ നിന്നും കത്തിയ്ക്കാനെന്തെങ്കിലും ഒപ്പിയ്ക്കാനുള്ള ശ്രമങ്ങളിലാണ് |
![]() |
| എങ്ങിനെയൊക്കെയോ തീ കത്തിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് |
Day 4: 12 April 2022 Tuesday
അലാറം അടിച്ചു കൊണ്ടേയിരിക്കുന്നു. ഉറക്കമുണരാനുള്ള നല്ല മടി. ഇന്നലത്തെ ഉറക്കം അത്ര നന്നായിട്ടില്ല. സൂര്യോദയം കാണാനുള്ള അലാറമാണ്. നല്ല തണുപ്പ്. കയ്യിലുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളുമെടുത്ത് വാരി പൊത്തി. നല്ല വ്യൂ പോയിന്റിലാണ് ടെന്റ്. പക്ഷേ കോടമത്തിന്റെ പാട ദൂരെയുള്ള മലകളെയും സൂര്യനെയും മറച്ചിരിക്കുന്നു. ഞങ്ങളോടൊപ്പം ക്യാമ്പ് ചെയ്യ്ത രണ്ടാളും സൂര്യോദയം കാണാനും കൂടെ കൂടിയിട്ടുണ്ട്.

ഇന്നലത്തെ കനലിന് ചെറിയ ചൂടുണ്ട്. സമയം 7.30 കഴിയുന്നു. കുന്നിറങ്ങാൻ നേരമായിരിക്കുന്നു. പ്രാധമിക കൃത്യങ്ങൾ ഒന്നും കഴിഞ്ഞിട്ടില്ല. ടെന്റ് മടക്കി താഴേക്കിറങ്ങി. അലമ്പപ്പറമ്പിൽ ടോയ് ലറ്റ് കണ്ടു. ഇന്ന് പ്രകൃതിയോടിണങ്ങാതെ തന്നെ കാര്യങ്ങൾ ഒപ്പിക്കാം. വൃത്തിയുണ്ട്. വെള്ളം ഒഴിച്ചതേ അറിഞ്ഞതുള്ളു. പിന്നീട് ആ ഭാഗം ഉള്ളതായി പോലും തോന്നാത്ത അവസ്ഥ. തണുപ്പു പൊള്ളുമത്രേ. അത് അനുഭവിച്ചറിഞ്ഞു.
പോളി ലഗേജ് വച്ചു കെട്ടാനുള്ള ശ്രമങ്ങളിലാണ്. വശങ്ങളിൽ ഇനിയും ഉരുകി തീരാതെ മഞ്ഞ് ബാക്കി കിടപ്പുണ്ട്. ആദ്യ മഞ്ഞ് അനുഭവമാണ്. ഒരിത്തിരി കൈയിൽ കോരിയെടുക്കാതെ മനസ്സ് അടങ്ങുന്നതെങ്ങനെ. പോളിയുടെ പണി കഴിഞ്ഞിട്ടുണ്ട്. കുത്തനെയുള്ള ഇറക്കമാണ്. വശങ്ങളിൽ നല്ല കൊക്കയുണ്ട്. വണ്ടിയൊന്ന് പാളിയാൽ പിന്നെ അഞ്ഞൂറ് അടി താഴെ നോക്കിയാൽ മതി. ഹാതു പീക്കിലേക്കുള്ള വഴി തുടങ്ങുന്നിടത്തു തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടിട്ടുണ്ട് - drive at your own risk.
ഹാതു പീക്കിറങ്ങി. സാംഗ്ലയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. 160 കിലോ മീറ്റർ ഇന്ന് സഞ്ചരിക്കേണ്ടതുണ്ട്. സാംഗ്ലയ്ക്കുള്ള വഴി മധ്യേ ഒരു കടയിൽ മാഗിയും ചായയും കഴിച്ചു. വീണ്ടും യാത്ര . വളഞ്ഞു തിരിഞ്ഞു പോവുന്ന വഴികൾ .
ഗിംഡ - ജുമ
അശോക ഫുഡ് കോർണർ


Day 5 : 13 April 2022 Wednesday
" ടാ മഴ " നല്ല ഉറക്കത്തിൽ നിന്നും ഞെട്ടി എന്നീറ്റു . നേരത്തെ നല്ല കാറ്റുണ്ടായിരുന്നു. ഇപ്പോൾ ചെറുതായി പെയ്തു തുടങ്ങിയിരിക്കുന്നു. ടെന്റടിച്ചിരിക്കുന്നത് ബസ്പ നദിയുടെ തീരത്തെ മണലിലാണ്. മഴ പെയ്താൽ തീർച്ചയായും ബൈക്ക് മറിഞ്ഞു വീഴും. ചാടിയെണീറ്റു. ബൈക്ക് മറിയാതെ ഒരിടത്ത് വയ്ക്കണം. കുറേ നേരം കല്ലുകളൊക്കെ തപ്പി നോക്കി. ഒടുവിൽ ഒരു വിധം സുരക്ഷിതമാക്കി വച്ച് വീണ്ടും ടെന്റിലേക്ക്. 2 മണി. നല്ല തണുപ്പ്. മഞ്ഞു കുപ്പായങ്ങളൊന്നും പോരാ എന്ന തോന്നൽ. ഒരു വിധം ഉറങ്ങി.
രാത്രിയിൽ ചാന്ദ്ര വെളിച്ചത്തിൽ ദൂരെ മഞ്ഞുമൂടിയ മലകൾ കണ്ടിരുന്നു. രാവിലെ നേരത്തെ എണീറ്റാൽ മഞ്ഞിൽ സൂര്യ രശ്മികളേറ്റ് സ്വർണ്ണ തിളക്കമാർന്ന മലകകളെ കാണാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയിൽ വച്ച അലാറം അടിക്കാൻ തുടങ്ങി. നല്ല ഉറക്ക ക്ഷീണം. ടെന്റിന്റെ വാതിലിലൂടെ ഒന്നു പാളി നോക്കി. സൂര്യപ്രകാരം വരുന്ന ദിശ വേറെയാണ്. മഞ്ഞു മലകൾ ഇപ്പോൾ വ്യക്തമായി കാണാം. പക്ഷേ സ്വർണ്ണ തിളക്കമില്ല. വാതിലടച്ച് ഒന്നൂടെ ഉറങ്ങി.
8.30 ആയിരിക്കുന്നു. തബോയിലേക്കുള്ള നീണ്ട 190 കിലോ മീറ്റർ താണ്ടാനുള്ളതാണ്. തലേ രാത്രിയിൽ ചിറ്റ് കൂളിലേയ്ക്കുള്ള യാത്ര വേണ്ട എന്നു വച്ചിരുന്നു. കാസയും സമീപപ്രദേശങ്ങളും കൂടുതൽ എക്സ്പ്ലോർ ചെയ്യാം എന്നാണ് പ്ലാൻ.
കുടലീന്ന് തള്ളിച്ച തുടങ്ങിയിരിക്കുന്നു. തലേദിവസത്തെ അനുഭവം വെള്ളം കൊണ്ടുള്ള കളിയിൽ നിന്നും മനസിനെ പിന്തിരിപ്പിച്ചു. ഇനി സായിപ്പിന്റെ രീതിയാണ് ബാക്കിയുള്ളത്. തെറ്റു പറയരുതല്ലോ വല്യ കുഴപ്പമൊന്നുമില്ല. ബസ്പ നദി താഴെ ശാന്തമായി ഒഴുകി.
നല്ല വിശപ്പ്. ടെന്റടിയ്ക്കാൻ സ്ഥലം പറഞ്ഞു തന്ന പൂജ ദാപ്പയുടെ കടയിലേക്ക് വച്ചു പിടിച്ചു. ബ്രഡ് ഓംലറ്റ് കഴിച്ച് പൂജ ധാപ്പയുടെ കൂടെ ഒരു ഫോട്ടോയുമെടുത്ത് നേരെ നാക്കോയിലേക്ക് .
![]() |
| ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞേപ്പോൾ പൂജ ധാപ്പയ്ക്ക് നാണം. |
![]() |
| സെൽഫി എടുത്താലോ എന്നു ചേദിച്ചേ പാൾ ആള് ഡബിൾ ഒക്കെ . |
നാക്കോയിലെ മൊണാസ്ട്രിക്ക് 1026 കൊല്ലത്തെ പഴക്കമുണ്ട്. അജന്ത ഓഫ് ഹിമാലയാസ് എന്നൊരു വിശേഷണം കൂടി നാക്കോ ഗോംപയ്ക്കുണ്ട്. സത്‌ലജിന്റെ തീരത്തുകൂടി തന്നെയാണ് യാത്ര. നദിയുടെ ഉത്ഭവങ്ങളിലേക്കുള്ള യാത്ര പോലാണത്. നദിയൊഴുകുന്ന എതിർ ദിശയിലാണ് രണ്ടു ദിവസമായി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നത്.
സാംഗ്ലയിൽ നിന്നും തിരികെ ഹൈവേയിലേക്ക് കയറി. BRO ( Border Road Organization ) ആണ് ഇവിടുത്തെ റോഡുകളൊക്കെ പരിപാലിക്കുന്നത്. നല്ല റോഡുകൾ . നല്ല സ്പീഡിൽ വച്ചു പിടിക്കുകയാണ്. മാപ്പിൽ നോക്കിയപ്പോൾ മുന്നിലോട്ട് തബോ വരെയും പെട്രോൾ പമ്പുകൾ ഒന്നും കാണിക്കുന്നില്ല. പൗരിയിലാണ് അവസാന പമ്പ് കാണിക്കുന്നത്. ഒരു 6 കിലോമീറ്റർ തിരികെ പോകേണ്ടി വന്നു. ഫുൾ ടാങ്ക് പെട്രോൾ അടിച്ചു.
സത്‌ലജിലേയ്ക്കൊഴുകുന്ന കൈവഴിയിലൊന്നിൽ ബൈക്ക് നിർത്തി ഇറങ്ങി. മഞ്ഞുരുകി വരുന്ന വെള്ളമാണ്. തണുപ്പ് പറയണ്ടല്ലോ. കൈയും മുഖവും കഴുകി. തൊലിയൊക്കെ തണുപ്പടിച്ച് നല്ല അലമ്പായിട്ടുണ്ട്. ചുണ്ടൊക്കെ പൊട്ടി തുടങ്ങിയിരിക്കുന്നു. നദിയിൽ തിളങ്ങുന്ന കല്ലുകൾ. കുറേ കുഞ്ഞു കല്ലുകൾ വാരിയെടുത്തു. ഖനീഭവിച്ച ഓർമ്മകളായി ചില്ലു കൂട്ടിൽ ഇട്ടു വയ്ക്കാമല്ലോ.
കാബ് സംഗം ബ്രിഡ്ജിനടുത്ത് വച്ച് സ്പിറ്റി നദി സത്ലജിലേക്ക് ചേരുകയാണ്. ഇനിയുള്ള വഴി സ്പിറ്റി നദിയുടെ താഴ്‌വാരങ്ങളിലൂടെയാണ്.
ഇനി പോളി ഓടിയ്ക്കട്ടെ. മാറി മാറിയാണ് ബൈക്ക് ഓടിക്കൽ പില്ല്യൺ സീറ്റ് അത്ര സുഖകരമല്ല. മാത്രമല്ല ഉറക്കം വരാതിരിക്കാനും മാറി മാറി ഓടിക്കുന്നതാണ് നല്ലത്. കാഴ്ചയും ഡ്രൈവും മാറി മാറി ആസ്വദിക്കാം.
കബ് ബ്രിഡ്ജിന് മുൻപ് മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു വഴി കണ്ടിരുന്നു. ഇന്ത്യ- ചൈന ബോർഡറിലേക്കാണാ വഴി നീളുന്നത്. വഴിയുടെ തുടക്കത്തിൽ തന്നെ ബോർഡർ സെക്യൂരിറ്റി ഉണ്ടാവും എന്നാണ് കരുതിയത്. പക്ഷേ ആരേയും കണ്ടില്ല. എന്നാൽ അങ്ങോട്ടു കയറുകയല്ലേ എന്ന് പോളി പിന്നല്ലാതെ എന്ന് ഞാനും . തുള വീഴുമോ എന്ന പേടിയുണ്ട് അതിലേറെ ഇന്ത്യ-ചൈന ബോർഡർ കാണാനുള്ള കൗതുകവും.

ഹെയർപിൻ വളവുകളാണ്. വളരെ പെട്ടെന്നാണ് ഉയരം കൂടി വരുന്നത്. മുകളിൽ നിന്നു നോക്കുമ്പോൾ മഞ്ഞു തൊപ്പിയണിഞ്ഞ മലനിരകൾക്കിടയിലൂടെ കരിനാഗത്തെ പോൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി കാണാം. തീപ്പെട്ടി കൂട് വലിപ്പമുള്ള കാറുകളൊക്കെ മല കയറി വരുന്നുണ്ട്.
ചെക്ക് പോസ്റ്റിൽ എത്തിയിരിക്കുന്നു. മലമുകളിലേയ്ക്കും താഴേക്കുമായി രണ്ട് വഴികൾ . മുകളിലേക്കുള്ള വഴി ITBP കാർ തടഞ്ഞിരിക്കുന്നു. അവരോട് സംസാരിച്ചു. രക്ഷയില്ല. എന്നാൽ താഴേക്കുള്ള വഴിക്ക് പിടിക്കാം എന്ന് വച്ചു.
നംഗിയ എന്ന ഗ്രാമത്തിലേയ്ക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വഴി ഇവിടെ അവസാനിക്കുകയാണ്. ഇന്ത്യ-ചൈന ബോർഡറിലെ അവസാന വില്ലേജ് ആണിത് . മുന്നില് കാണുന്ന മലയുടെ ഇങ്ങേവശം ഇന്ത്യയും അപ്പുറം ചൈനയുമാണ്. അതിർത്തി തിരിക്കുന്ന ജംഡയും ഇന്ത്യൻ പട്ടാളത്തിന്റെ ബങ്കറും ദൂരെ കാണാം. മഞ്ഞു കാലത്ത് മലമുകളിലെ ബങ്കറിൽ നിന്നും താഴെയിറങ്ങും. മരച്ചു പോവുന്ന മഞ്ഞ് കാലത്ത് ആര് അതിർത്തി കടക്കാൻ . മഞ്ഞു മൂടിയ ഹിമാലയ മലനിരകളാണപ്പോൾ അതിർത്തിയുടെ കാവൽക്കാരൻ. ഗ്രാമത്തിൽ നിറയെ കാറുകൾ പാർക്ക് ചെയ്യ്തിരിക്കുന്നു. സന്ദർശകരുടേതല്ല ആ നാട്ടു കാരുടേതാണവയൊക്കെ . ആപ്പിളും മറ്റു ഡ്രൈ ഫ്രൂട്ട്സുകളുമാണ് കൃഷിയും വരുമാന മാർഗവും. ആ ഗ്രാമത്തിൽ പോസ്റ്റിങ്ങുള്ള ഒരു പട്ടാളക്കാരൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. മുൻപ് ആ ഗ്രാമത്തിലുള്ളവർ മലയുടെ മറുവശത്തുള്ള ചൈനയുടെ ഗ്രാമങ്ങളിലേക്ക് പോകുമായിരുന്നുവത്രെ. പക്ഷേ ഇപ്പോഴില്ല. ചെക്ക് പോസ്റ്റിൽ നിന്നും മുകളിലേയ്ക്കുള്ള വഴി എങ്ങോട്ടാണ് എന്ന് ഞങ്ങൾ അയാളോടു ചോദിച്ചു. ആ വഴി മലയുടെ മുകളിൽ തീരുകയാണത്രേ. പക്ഷേ അവിടെയെത്തിയാൽ ചൈനയുടെ സമതലങ്ങൾ കാണാനാകും. എങ്കിൽ ചെക്ക് പോസ്റ്റിലെ പട്ടാളക്കാരോട് ഒന്ന് എരന്നു നോക്കാം എന്ന് വച്ച് നംഗിയ ഗ്രാമത്തിൽ നിന്നും തിരികെ പോന്നു. തമിഴ് നാട്ടിൽ നിന്നുള്ള അവിടുത്തെ ഒരു പട്ടാളക്കാരൻ . വീർ മദ്രാസി എന്നാണ് ആ പോസ്റ്റിന്റെ പേര്. പെർമിഷനുണ്ടെങ്കിലേ മുകളിലേയ്ക്ക് പോകാനാവൂ എന്നു പറഞ്ഞു. പക്ഷേ അവിടേയ്ക്ക് പോകാനാവും. പെർമിഷനെടുക്കാൻ നേരമില്ലാത്തതു കൊണ്ടും തബോയിൽ അധികം ഇരുട്ടാകാതെ എത്തേണ്ടതു കൊണ്ടും ആ മോഹമുപേക്ഷിച്ച് തിരികെ പോന്നു.
ഇനി കാണാനുള്ളത് സ്പിറ്റി - സത്ലജ് സംഗമമാണ്. കുറച്ചു കിലോമീറ്ററുകളേ അങ്ങോട്ടുള്ളു. കബ് ബ്രിഡ്ജ് ദൂരെ കാണാം. കബ് ബ്രിഡ്ജിനടിയിലൂടെ സത്ലജ് ഒഴുകി വരുന്നു. ഇടതു വശത്തു നിന്നും സ്പിറ്റി നദിയും. സ്പിറ്റി നദിക്ക് പച്ച നിറമാണ്.
സത്‌ലജിന്റെ തീരത്തൂടെയുള്ള യാത്ര ഇവിടെ അവസാനിക്കുകയാണ്. ഇനി സ്പിറ്റിയുടെ താഴ്‌വാരങ്ങളാണ് ഞങ്ങളെ കാത്തിരിക്കുന്നത്. നല്ല വീതിയുള്ള വഴികൾ . നിർമ്മാണപ്രവർത്തനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. സ്പിറ്റിയുടെ താഴ്‌വാരങ്ങളുടെ ആഴവും ഉയരവും കൂടി കൂടി വരുന്നു. സത്ലജിന്റെ താഴ്വാരങ്ങളേക്കാൾ ഭീകരമാണ് സ്പിറ്റിയുടേത്. വഴി ഉയരങ്ങളിലേക്ക് കയറുകയാണ്. Shooting Stones അപകട സൂചനാ ബോർഡുകൾ ഈ വഴിയിൽ നിറയെ കാണാം. റോഡിൽ കല്ലുകൾ വീണു കിടപ്പുണ്ട്. മലയുടെ മുകളിൽ നിന്നും പിടി വിട്ടു പോന്നവയാണ്. തലയിൽ വീഴുമോ എന്ന നല്ല പേടിയുണ്ട്. വഴിയിൽ നല്ലൊരു വ്യൂപോയിന്റിൽ വണ്ടി നിർത്തി. ഡെൽഹിയിൽ നിന്നും വണ്ടിയോടിച്ചു വന്ന രണ്ട് യാത്രികർ കനത്ത ഫോട്ടോ എടുപ്പിലാണ്. ഞങ്ങളും ഫോട്ടോ എടുക്കലിലേക്ക് കടന്നു. ദൂരെ മഞ്ഞു പുതഞ്ഞ മലകൾ . താഴെ സ്പിറ്റി ഒഴുകുന്നു. മലയുടെ താഴ്വാരങ്ങളിലൂടെ നീണ്ടു പോവുന്ന വഴി. നല്ല കാഴ്ചയാണത്.
നാക്കോയിലേക്ക് ഇനി 13 km കൂടി . കുറേയധികം മലകൾ ഞങ്ങൾ പിന്നിട്ടു. ചില മലമുകളുകളിൽ ഒറ്റപ്പെട്ട ഗ്രാമങ്ങൾ കാണാം. എങ്ങിനെ മനുഷ്യർ അവിടെയൊക്കെ ജീവിക്കുന്നു എന്ന സംശയം തോന്നിപ്പോവുന്നു. ഒടുവിൽ നാക്കോ ഗ്രാമത്തിലേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു. ചെറിയ ഗ്രാമം . നാക്കോ മൊണാസ്ട്രിയും തടാകവുമാണിവിടുത്തെ പ്രധാന കാഴ്ചകൾ. ആദ്യം മൊണാസ്ട്രിയിലേക്ക് പോകാമെന്ന് വച്ചു. 11th century യിലെ മൊണാസ്ട്രിയാണിത്. അടുത്തു തന്നെ മൊണാസ്ട്രിയുടെ പുതിയ കെട്ടിടങ്ങളും ഉയർന്നു വരുന്നുണ്ട്. പഴയ മൊണാസ്ട്രിയിലേക്ക് ഞങ്ങൾ കടന്നു. കുഞ്ഞുങ്ങൾ ക്രിക്കറ്റ് കളിയിലാണ്. ചുറ്റിനും മഞ്ഞു തൊപ്പിയണിഞ്ഞ മലകൾ. ഗോംപ അടഞ്ഞുകിടക്കുകയാണ്. 5 മണിക്ക് തിരികെയിറങ്ങി. മൊണാസ്ട്രി അടഞ്ഞു കിടക്കുന്നു. നിറയെ ചിത്രപ്പണികളുള്ള ഗോംപയാണിത്. ഗൂഗിളും 5 pm ന് മൊണാസ്ട്രി അടയ്ക്കും എന്ന് കാണിച്ചിരിക്കുന്നു. എന്തായാലും അവിടെ കണ്ട ലാമയോട് സംസാരിച്ചു. മൂപ്പർ മൊണാസ്ട്രി തുറന്ന് കാണിച്ചു തന്നു. അകത്ത് അധികം വെളിച്ചം ഒന്നുമില്ല. ചിത്രപ്പണികൾ കാണാൻ മൊബൈൽ ഫ്ലാഷ് ഉപയോഗിച്ചോളൂ. പക്ഷേ ഫോട്ടോ എടുക്കരുത് എന്ന് നിർദേശവും. നല്ല പഴക്കമുള്ള ചിത്രങ്ങളാണ്. മണ്ണുകൊണ്ടുള്ള ഭിത്തിയാണ്. അതിനു മുകളിൽ മിനുസപ്പെടുത്തിയിട്ടാണ് ചിത്രപ്പണികൾ. ഏറെ കൗതുകമുണർത്തിയ കാഴ്ച അതിനുള്ളിൽ ബുദ്ധപ്രതിമയ്ക്കുമുൻപിൽ നിരത്തി വച്ചിട്ടുള്ള വിദേശ മദ്യങ്ങൾ ആയിരുന്നു. പല ബ്രാൻഡുകളുണ്ട്. 6 മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് തബോയിലാണ് താമസം. 64 കിലോ മീറ്റർ സഞ്ചരിക്കേണ്ടിയിരിക്കുന്നു. തിരികെ വരുമ്പോൾ സമതലങ്ങളിൽ തട്ടുതിരിച്ച് കൃഷി ചെയ്യുന്നതു കണ്ടു. ഗ്രീൻ പീസ് കൃഷിയിടങ്ങളാണ്. ആപ്പിളും ചെറിയും മാത്രമാണ് ഇത്രയും നേരം കണ്ടതത്രയും. ഇതു കഴിച്ചാണോ ഈ മനുഷ്യർ ജീവിക്കുന്നെ എന്ന സംശയം മാറി.
തബോയിലേക്ക് കുറച്ചു ദൂരം വരെ വഴി നല്ലതായിരുന്നു. പിന്നീടങ്ങോട്ട് വളരെ മോശം റോഡാണ്. ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. സ്പിറ്റി വാലിയിലേക്ക് കടക്കും മുൻപൊരു ചെക്ക് പോസ്റ്റ് കൂടിയുണ്ട്. നമ്മുടെ വിവരങ്ങൾ അവിടെ എൻട്രി ചെയ്യ്തു. നല്ല ഇരുട്ടായിരിക്കുന്നു. രാത്രി എട്ട് മണിക്കെങ്കിലും തബോയിൽ എത്തണം. നല്ല തണുപ്പുള്ള ഇടമാണ്. ഇന്ന് എവിടെയെങ്കിലും കിടപ്പാടം കണ്ടെത്തണം. വളവുകൾ മിക്കതും ബ്ലയിന്റ് കേർവുകളാണ്. മാപ്പിൽ നോക്കി വളവുകൾ മനസിലാക്കി ഒരു 40 കിലോ മീറ്റർ വേഗതയിലൊക്കെയാണ് യാത്ര. വലതു വശത്ത് ഇടിഞ്ഞു വീഴാൻ കണക്ക് നിൽക്കുന്ന മലകൾ. ഇടത് സ്പിറ്റിയുടെ ചെങ്കുത്തായ താഴ്‌വര. കൃതിരവട്ടം പപ്പു സിനിമയിൽ പറഞ്ഞ പോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്റ്റിയറിങ്ങ് തെറ്റിയാൽ ഞമ്മളും ഞമ്മടെ വണ്ടിയും തവിടുപൊടി . ചെറിയ ചില ഗ്രാമങ്ങളിലൂടെയൊക്കെ ഞങ്ങൾ കടന്നു പോന്നു. ഇത്തിരി കഴിഞ്ഞപ്പോൾ തബോ മൊണാസ്ട്രിയുടെ ബോർഡ് കണ്ടു. അവിടെ താമസസൗകര്യമുണ്ട് എന്ന് വായിച്ചിരുന്നു. അവരുടെ ബോർഡിലും അത് കാണിച്ചിട്ടുണ്ട്. നേരെ അങ്ങോട്ട്. തണുത്ത് വിറയ്ക്കുകയാണ്. നേരെ റൂം എടുത്തു. 300 രൂപയ്ക്ക് റൂം കിട്ടി. ബാത്ത്റൂം കോമണാണ്. നല്ല മുറികളും അവിടെയുണ്ട് 1000 രൂപയൊക്കെയാണ് വാടക. നേരെ മൊണാസ്ട്രിയുടെ റെസ്റ്റോറന്റിലേക്ക്. ചൂടുള്ള എന്തെങ്കിലും കഴിച്ചേ പറ്റൂ. പുറത്ത് മഴ പെയ്യുന്ന ശബ്ദം . ബൈക്കിൽ നിന്നും ലഗേജ് അഴിച്ചിട്ടില്ല. നേരെ അങ്ങോട്ടോടി. ബഞ്ചി കോർ ഡൊന്നും അഴിക്കാൻ പോലും പറ്റുന്നില്ല. കൈകൾ മരവിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു വിധം അഴിച്ച് എല്ലാം റൂമിൽ എത്തിച്ചു. ചുപ്ക്കയും മോമോസും കഴിച്ചു. തണുപ്പിൽ നിന്നൊരിത്തിരി ആശ്വാസം. റൂമിൽ നല്ല കമ്പിളിപ്പുതപ്പുണ്ട്. ജാക്കറ്റുകളേക്കാൾ ചൂടുണ്ട് കമ്പിളിപ്പുതപ്പിന് . അങ്ങനെ സ്വസ്ഥമായി കുറച്ചു ദിവസങ്ങൾക്കു ശേഷം ഒന്നുറങ്ങി.
Day 7 : 14 April 2022 Thursday
8.30 ആയപ്പോൾ എണീറ്റു. കഴിഞ്ഞ ദിവസത്തെയൊന്നും ഓർമ്മക്കുറിപ്പുകൾ എഴുതി തീർന്നിട്ടില്ല. പോളി നല്ല ഉറക്കത്തിലാണ്. ജനലിലൂടെ സൂര്യൻ എത്തി നോക്കുന്നു. തൊട്ടടുത്തു തന്നെ മഞ്ഞു മൂടിയ മലകൾ കാണാം. ജനൽ പടിയിൽ കയറിയിരുന്ന് എഴുത്ത് തുടങ്ങി. സൂര്യന്റെ സുഖമുള്ള ചൂട് അടിയ്ക്കുന്നുണ്ട്. 9.30 കഴിഞ്ഞപ്പോഴേയ്ക്കും പോളിയും എണീറ്റു. ഞങ്ങളുടെ റൂമിന് തൊട്ടടുത്തു തന്നെ ടെറസിലേക്കൊരു ഗോവണിയുണ്ട്. മുകളിൽ കയറി. ഇപ്പോഴാണ് ഞങ്ങൾ നിൽക്കുന്ന ഇടത്തെക്കുറിച്ച് ഒരു ധാരണയുണ്ടായത്. 360 ഡിഗ്രിയിൽ മലകൾ. ഒരു താഴ്‌വരയിലാണ് ഞങ്ങൾ താമസിക്കുന്ന മൊണാസ്ട്രി ഗസ്റ്റ് ഹൗസ്. താഴെ പുതിയതും പഴയതുമായ മൊണാസ്ട്രികൾ കാണാം. ടൂറിസ്റ്റുകളൊക്കെ എത്തിത്തുടങ്ങിയിരിക്കുന്നു. ഭക്ഷണശാലയിൽ ചെന്ന് ചീസ് ടൊമാറ്റോ ഓംലറ്റും ആലു പരാത്തയും കഴിച്ചു. പുറത്ത് കുറേശ്ശെ മഞ്ഞു പെയ്യുന്നുണ്ട്. വിശപ്പടങ്ങി. ഇനി മൊണാസ്ട്രി ഒന്ന് കറങ്ങി കാണണം. ആദ്യം പുതിയ മൊണാസ്ട്രിയിലേക്ക്. ലാമ മാർക്ക് ഇരുന്ന് പ്രാർത്ഥിക്കാനുള്ള ഇടമാണിത്. ദലൈ ലാമയുടെ ഫോട്ടോ ഒക്കെയുണ്ടതിനകത്ത് . പഴയ മൊണാസ്ട്രിയാണ് കൂടുതൽ അത്ഭുതം. മണ്ണും മരവും കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. പുറമെ പുതുക്കി പണിതിട്ടുണ്ട്. പക്ഷേ അകം പഴയതു തന്നെ. ഭിത്തിയിലെമ്പാടും നിറയെ ചിത്രപ്പണികളുണ്ട്. കൂടെ ജ്ഞാനോദയം ലഭിച്ച മോങ്ക് സിന്റെ പ്രതിമകളും . ഇറങ്ങാൻ നേരം അതിനുള്ളിൽ തന്നെയുള്ള സുവനീർ ഷോപ്പിൽ നിന്നും 2 ദുക്കർ മന്ത്ര മേടിച്ചു. പോസിറ്റീവ് എനർജി നൽകാൻ ദുക്കർ മന്ത്രയ്ക്കാകുമത്രേ. സുവനീർ ഷോപ്പിലെ വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ചിലവാക്കുന്നതത്രേ. ഒരു ലാമ ഞങ്ങളോട് സ്കൂളിന്റെ കാര്യങ്ങളൊക്കെ ഒരു പാട് സംസാരിച്ചു. അവർക്കൊരു സഹായമാവുമെങ്കിൽ ആയിക്കോട്ടെ എന്ന് വച്ച് രണ്ട് ദുക്കർ മന്ത്ര കൂടി മേടിച്ചു. പുറത്തിറങ്ങിയപ്പോൾ ഒരു ചേച്ചി ഫ്ലാസ്കിൽ ചായയുമായി നിൽപ്പുണ്ട്. പ്രസാദം പോലെ സന്ദർശകർക്ക് കൊടുക്കുന്നതാണത്. ചായയും കുടിച്ചിരിക്കെ ചെറുതായി മഞ്ഞു പെയ്യുന്നു. ഷർട്ടിലും തലയിലുമൊക്കെ കുഞ്ഞ് മഞ്ഞു കണികൾ തങ്ങി നിന്ന് അധികം വൈകാതെ മറഞ്ഞു പോകുന്നു. നല്ല രസം. നേരം ഉച്ചയായിട്ടുണ്ട്. അടുത്ത സ്ഥലത്തേക്ക് പോകാറായി. ഇനി കാസയിലേക്കാണ്. ഇവിടുന്ന് 45 കിലോ മീറ്ററുകളേയുള്ളു. വൈകും മുമ്പേ സ്ഥലം പിടിയ്ക്കാം.
യാത്ര തുടങ്ങി. പോകും വഴി സ്പിറ്റിയ്ക്കു കുറുകെ ഒരു തൂക്കുപാലം കണ്ടു. റോഡിൽ നിന്നും ഏറെ താഴെയാണ്. അങ്ങോട്ട് ഒരു ചെറിയ റോഡ് നീളുന്നുണ്ട്. തൊട്ടപ്പുറത്ത് ആപ്പിൾ തോട്ടം കാണാം. അവിടേയ്ക്കു പോവാൻ ഉണ്ടാക്കിയ പാലമാണ്. അങ്ങോട്ട് ഇറങ്ങാൻ തീരുമാനിച്ചു. സ്പിറ്റി നദിക്കുമുകളിൽ കാഴ്ചയും കണ്ട് അങ്ങിനെ കുറച്ചു നേരം നിന്നു .
വീണ്ടും മുന്നോട്ടുള്ള യാത്ര. വഴിക്ക് ദങ്കർ ( ഹിഡൺ) ലേക്ക് എന്ന ബോർഡു കണ്ട് . എന്നാൽ അതൊന്നു കണ്ടുകളയണമല്ലോ എന്നു കരുതി ബോർഡിന്യത്തു കണ്ട വഴിയിലൂടെ കുറച്ച് അലഞ്ഞു. പിന്നീട് ഗൂഗിൾ മാപ്പ് നോക്കുമ്പോൾ അത് അവിടെയൊന്നുമല്ല എന്നു മനസിലായി. ട്രക്ക് ചെയ്യ്തു വേണം അവിടെയെത്താൻ. ഓടിച്ച ഓഫ് റോഡൊക്കെ തിരികെ പോന്നു.
മുന്നോട്ടുള്ള യാത്രയിൽ സ്പിറ്റിയുടെ നദീതീരങ്ങൾക്ക് പരപ്പു കൂടി വരുന്നു. നദീ തടത്തിന് നടുക്ക് ഒരു ഇരുമ്പുപാലം . അതിലൂടെ ഒരു ഇന്നോവ കടന്നു വരുന്നു. നേരെ അങ്ങോട്ട് തിരിച്ചു. ചെറിയ പാലം . താഴെക്കൂടി സ്പിറ്റി നദി ഞെരുങ്ങി അതിവേഗം ഒഴുകുന്നു. പച്ച നദിയും കറുത്ത റോഡും തിളങ്ങുന്ന മഞ്ഞിന്റെ പാളികളും കൂടിയാവുമ്പോൾ നല്ലൊരു കാഴ്ചാനുഭവമായിത്തീരുന്നു.
വഴികളിലെ മലകൾക്ക് പല സ്വഭാവങ്ങളാണ്. ഗുഹകൾ ഒക്കെ കാണാം ചിലയിടങ്ങളിൽ . വഴിയിൽ വച്ച് തിരികെ ഷിംലയ്ക്ക് പോകാനുള്ള വഴി അടഞ്ഞിട്ടുണ്ട് എന്ന വിവരം കേട്ടു. രണ്ട് ദിവസത്തിനകം തിരികെ പോകാനുള്ളതാണ്. അപ്പോഴേയ്ക്കും വഴി ശരിയാകുമായിരിക്കും. കാസയിൽ നിന്നും മണലിയ്ക്ക് ഒരു വഴിയുണ്ട് പക്ഷേ അത് തുറക്കാൻ 14 ദിവസമെങ്കിലും പിടിക്കും. പെട്ടാൽ നല്ല പെടലാണ്. എന്തേലും വരട്ടെ കാസയ്ക്കുള്ള യാത്ര തുടർന്നു.
കാസയിലേക്ക് കടക്കുമ്പോഴേ റോയൽ എൻഫീൽഡിന്റെ സർവ്വീസ് സെന്ററാണുള്ളത്. പശു ഒക്കെ കഴിഞ്ഞ തവണ വന്നപ്പോൾ അതിനു മുകളിലാണ് താമസിച്ചത് എന്നു പറഞ്ഞത് ഓർമ്മ വന്നു. നല്ല വിശപ്പുണ്ട്. 3.30 pm ആയിരിക്കുന്നു. കാസ ചെറിയ ടൗൺ ആണെങ്കിലും നല്ല തിരക്കുണ്ട്. ഭക്ഷണശാല തപ്പിനടക്കുന്നതിനിടയിൽ പെട്രോൾ പമ്പു കണ്ടു. ഈ മലമുകളിൽ 106 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ചെറിയ ഒരു കടയിൽ കയറി ഭക്ഷണം കഴിച്ചു. മട്ടൻ ചുപ്കയാണ് . ഉണക്കി വച്ച ആട്ടിറച്ചി ആണെന്ന് തോന്നുന്നു. വേഗം അവിടുന്നിറങ്ങി. കീ മൊണാസ്ട്രിയിൽ താമസ സൗകര്യമുണ്ടെന്ന് ഗൂഗിൾ റിവ്യൂ കണ്ടു. മൊണാസ്ട്രിയുടെ ഓഫീസ് അടയ്ക്കുന്നതിനു മുൻപ് അവിടെയെത്തണം. ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. ദൂരെ മൊണാസ്ട്രി കാണാം. ഒരു മലമുഴുവനായി പ്രൗഡിയിൽ നിൽക്കുകയാണ് കി ഗോംപ. വണ്ടി ഗേറ്റിനു മുൻപിൽ പാർക്ക് ചെയ്യത് നേരെ ഓഫിസിലേയ്ക്ക് . ഓഫീസ് അടഞ്ഞു കിടക്കുന്നു. അവിടെ കണ്ട ലാമയോട് അന്വേഷിച്ചു. അവിടെ താമസ സൗകര്യം ഉണ്ടായിരുന്നു പക്ഷേ കൊറോണയ്ക്കു ശേഷം സ്‌റ്റേ കൊടുക്കുന്നില്ല എന്നു പറഞ്ഞു. കിട്ടിയിരുന്നേൽ ഗംഭീര സ്ഥമായിരുന്നു. 300 ഓളം ലാമ മാർ താമസിക്കുന്ന ഇടമാണത്. അവരുടെ കൂടെ ഒരു രാത്രി ഉറങ്ങിയുണരാമായിരുന്നു. വേറെ സ്ഥലം കണ്ടുപിടിച്ചേ പറ്റൂ. എന്തായാലും മൊണാസ്ട്രി കണ്ടു കളയാമെന്ന് വച്ചു. ഉള്ളിലേയ്ക്ക് കടന്നു. ലാമമാരിലൊരാൾ മന്ത്രാച്ചാരണത്തിന്റെ ആഴങ്ങളിലാണ്. അതു നോക്കി നിൽക്കെ മറ്റൊരു ലാമ ചായ കുടിച്ചോ എന്നു ചോദിച്ചു. മൊണാസ്ട്രിയിൽ എത്തുന്നവർക്ക് ചായ ഫ്രീയാണ്. അതും കുടിച്ച് മറ്റു മുറികളിലേയ്ക്കു കടന്നു. ലാമ മാർക്കുള്ള പ്രാർത്ഥനാമുറികളും അവിടെ സന്ദർശകരായി എത്തുന്നവർക്കുള്ള മെഡിറ്റേഷൻ മുറികളുമെല്ലാം കണ്ടു. ഫോട്ടോ എടുക്കാൻ പാടില്ല എന്ന നിർദേശമുണ്ട്. താഴെ നിറയെ ലാമമാരുടെ മുറികളാണ്. അവിടെ നിന്നും താഴേയ്ക്കു നോക്കുമ്പോൾ ഒരുക്കിയിട്ടിരിക്കുന്ന കൃഷിയിടങ്ങൾ കാണാം. തട്ടുകളായിട്ടാണ് കൃഷിയിടങ്ങൾ ഒരുക്കിയിട്ടുള്ളത്. ലാമമാരുടെ താമസ ഇടങ്ങൾക്കിടയിലൂടെ കൽ വഴികൾ കണ്ടു. അതിലെ താഴേയ്ക്കിറങ്ങി. ഗോം പയെ ചുറ്റിക്കങ്ങി മുന്നിൽ വന്നു. താമസ സൗകര്യം കണ്ടെത്തേണ്ടതുണ്ട്. കാസ വളരെ തിരക്കുള്ള സ്ഥലമായി അനുഭവപ്പെട്ടു. നിരവധി ടൂറിസ്റ്റുകൾ. കുറച്ചു കൂടി ശാന്തമായ ഒരു സ്ഥലം വേണം ഞങ്ങൾക്ക് . കാസയെ ഉപേക്ഷിച്ച് ചിച്ചാം ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടു. മഞ്ഞിപ്പോൾ ഉയരങ്ങളിൽ മാത്രമല്ല ഞങ്ങളേക്കാൾ താഴെയും കണ്ടു തുടങ്ങിയിരിക്കുന്നു. ചിച്ചാം പാലം കടന്നു വേണം ഗ്രാമത്തിലേയ്ക്കെത്താൻ. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പാലമാണിത്. രണ്ടു മലകളെ തമ്മിലാണ് പാലം ബന്ധിപ്പിച്ചിരിക്കുന്നത്. താഴേയ്ക്ക് നല്ല ആഴം. മഞ്ഞു കിടക്കുന്നതും കാണാം. കുറച്ച് ഫോട്ടോസ് ഒക്കെയെടുത്ത് ഗ്രാമത്തിലേക്ക്. തുടക്കത്തിൽ തന്നെ ഹോം സ്റ്റേ കൾ കണ്ടു തുടങ്ങി. ഗ്രാമത്തിന്റെ മൂലയ്ക്ക് ആളൊഴിഞ്ഞ ഒരിടത്ത് ഹിമാലയത്തിന്റെ നല്ല വ്യൂ ഉള്ള ഇടമാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങിനെ കണ്ടതൊന്നിൽ കയറി റെന്റ് ചോദിച്ചു. ഒരാൾക്ക് ഭക്ഷണവും താമസവും കൂടി 1000 രൂപ. അത്രയും ഞങ്ങൾ പ്രതീക്ഷിച്ചില്ല. അവിടുന്നിറങ്ങി. ഒരു വീടിന്റെ വാതിലിൽ മുട്ടി. കാര്യം പറഞ്ഞപ്പോൾ അവിടുന്നൊരു ചേട്ടൻ ഇറങ്ങി വന്ന് ഞങ്ങളേയും മറ്റൊരു വീട്ടിലേക്ക് . നാലു പേർക്കുള്ള വീടാണ്. നല്ല സൗകര്യങ്ങൾ ഒക്കെയുണ്ട്. ഭക്ഷണവും താമസവും കൂട്ടി ഒരാൾക്ക് ഇവിടെയും 1000 തന്നെ. ഒന്ന് വില പേശി നോക്കി. 1800 ചേട്ടൻ പറഞ്ഞു. ഭക്ഷണം രാത്രിയിലെ മാത്രം മതി 1500 ന് തരാമോ എന്നായി ഞങ്ങൾ. ഒടുവിൽ 1600 ന് കച്ചവടമുറപ്പിച്ചു. രാത്രിയായിരിക്കുന്നു. നല്ല തണുപ്പ്. വീട്ടിൽ കയറി. റൂം ഹീറ്ററും നിറയെ ജനാലകളുമുള്ള മുറി. ചില്ലുഗ്ലാസിനപ്പുറം മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയപർവ്വതങ്ങൾ. കുടിക്കാനും ടോയ്ലറ്റ് ഉപയോഗിക്കാനുമുള്ള വെള്ളം ചേട്ടൻ കന്നാസിലാക്കി കൊണ്ടു വന്നു. ഭാര്യ നല്ല ചൂടൻ കാപ്പിയും . ഇന്ന് ഫിറ്റ് ചെയ്യ്ത Himalaya rocket stove കത്തിക്കാനുള്ള ശ്രമങ്ങളിലാണ് ചേട്ടൻ. യൂട്യൂബ് ഒക്കെ നോക്കി ഒരു വിധം കത്തിച്ചു. Rocket stove ന്റെ ഉത്ഘാടനം ഞങ്ങൾ കൈയടിച്ചു ആഘോഷിച്ചു. നല്ല നാടൻ വൈൻ ഓരോ ഗ്ലാസ് എടുക്കട്ടേ എന്ന് ചേട്ടൻ. അതിനെന്താ എന്ന് ഞങ്ങളും . കുറച്ചു കഴിഞ്ഞ് ചേട്ടൻ സാധനവുമായിട്ടെത്തി. വൈൻ തീർന്നു പോയി. അതോണ്ട് നാടൻ ബാർലി ബിയറുമായിട്ടാണ് വന്നേക്കുന്നത്. സാധനം കൊള്ളാം. ഞാനും പോളിയും ഗ്ലാസ്സിലേയ്ക്കൊഴിച്ചു. സാധനം തീർന്നു. ചേട്ടൻ റൂമിൽ ഇരിപ്പുണ്ട്. ചേട്ടനെ കൂട്ടാതെ എങ്ങിനാ കഴിയ്ക്കുക. ഷെയർ ചെയ്യ്താലോന്ന് ചോദിച്ചപ്പോൾ ചേട്ടൻ പോക്കറ്റിൽ നിന്നും വേറെ സാധനം എടുത്തു. നാടൻ വാറ്റാണ്. ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നും. വേണേൽ കുറച്ച് അടപ്പിൽ എടുത്തു കഴിച്ചോ എന്നും. 10 രൂപയുടെ കൊക്കക്കോള കുപ്പിയുടെ അടപ്പിൽ രണ്ട് മൂന്ന് പ്രാവശ്യം നിറച്ച് കഴിച്ചു. ചേട്ടൻ കഥ പറയാൻ തുടങ്ങി. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറാണ് കൃഷിയുണ്ട് ടൂറിസവും. ചേട്ടൻ എടുത്ത snow lepard ന്റെ ഫോട്ടോ റൂമിൽ ഫ്രൈയിം ചെയ്തു വച്ചിട്ടുണ്ട്. അപ്പർ സ്പിറ്റിയിൽ അടിപൊളി ഒരു സ്ഥലമുണ്ട് എന്നും കഴിഞ്ഞ തവണ ഒരു ടൂറിസ്റ്റിനെ അവിടെ കൊണ്ടുപോയപ്പോൾ സ്പിറ്റിയിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ സ്ഥലമാണെന്നും നിങ്ങൾ തീർച്ചയായും അവിടെ പോണം എന്നും പറഞ്ഞു. ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചൊക്കെ ഞങ്ങൾ ചേട്ടനോട് സംസാരിച്ചു. മഞ്ഞു കാലത്ത് -30 ഡിഗ്രി ഒക്കെ തണുപ്പ് വരുമത്രേ. സംസാരം കേരളത്തേക്കുറിച്ചും ആലപ്പുഴയിലെ കെട്ടുവള്ളങ്ങളിലേക്കും ഒക്കെ നീണ്ടു. ചേട്ടൻ ഗുഡ് നൈറ്റ് പറഞ്ഞിറങ്ങി. കരന്റ് ഇല്ല. വൈദ്യുതിയുടെ റൂം ഹീറ്റർ വെറുതെയിരിപ്പാണ്. Himalayan rocket stove തന്നെയുള്ളു ആശ്വാസം. തീ കെട്ടു തുടങ്ങിയിരിക്കുന്നു. വേണ്ടത്ര ചൂട് കിട്ടുന്നില്ല. ടേബിളിൽ നിന്നും അതിന്റെ മാനുവൽ കിട്ടി. വായിച്ചു നോക്കുമ്പോൾ കത്തിക്കേണ്ട വിധം അങ്ങനല്ല. പോളി എന്നാൽ കത്തിച്ചിട്ടേയുള്ളു എന്ന വാശിയിലാണ്. ഇത്രയും വലിയ മരക്കഷണം ഒന്നും ആദ്യം ഇടരുത് എന്നും പറഞ്ഞ് ചില്ലിക്കൊമ്പുകൾ പെറുക്കാൻ പുറത്തിറങ്ങി. ഇച്ചിരി കഴിയുമ്പോൾ കുറച്ച് ചില്ലി കമ്പും പെറുക്കി പാഞ്ഞു വരുന്നുണ്ട്. പെറുക്കിക്കൊണ്ടിരിക്കെ പട്ടികൾ കൂട്ടമായി കുരക്കുന്നതും പോത്തുകൾ ഓടുന്നതും കണ്ട് ഇത് snow leopard തന്നെ എന്ന് വിചാരിച്ച് പേടിച്ച് ഒറ്റ ഓട്ടം വച്ചു കൊടുത്തതാണ് . റോക്കറ്റ് കത്തിക്കാൻ തുടങ്ങി. പോളി വിജയിച്ചിരിക്കുന്നു. ചൂള പോലെ അടുപ്പ് ആളിക്കത്തുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ കരന്റ് വന്നു. റോക്കറ്റ് അടുപ്പിന്റെ പണി നിർത്തി. ഇലക്ട്രിക് റൂം ഹീറ്ററിന്റെ മുന്നിൽ പാട്ടും വച്ച് കുത്തിയിരിക്കാൻ തുടങ്ങി. നല്ല സുഖം. വെറുതേ കുറേ നേരം അങ്ങിനേയിരുന്നു. ഇടയ്ക്ക് വൈദ്യുതി പോയി വരുന്നുണ്ട്. ജനലിലൂടെ ദൂരെ മഞ്ഞു മലകൾ കാണാം. പോളി നൈറ്റ് ഫോട്ടോഗ്രാഫിയിലാണ്. ഞാൻ ഉറങ്ങാൻ കിടന്നു. മൂന്നു പുതപ്പുകൾ പുതച്ചിട്ടും ചൂടൊന്നുമില്ല. വലിയ തണുപ്പില്ല എന്നു മാത്രം. സുഖമായുറങ്ങി.
Day 8: 15 April 2022 Friday
8.30 ന് ബ്രേക്ക് ഫാസ്റ്റ് കൊണ്ടു വരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ 8.20 ന് ഒരു അലാറം വച്ചിട്ടുണ്ട്. അലാറമടിച്ചു എണീറ്റു. പുതച്ചു മൂടി കിടന്നുറങ്ങാൻ നല്ല രസം. ഒരഞ്ചുമിനിറ്റു കൂടി ഒന്നു കണ്ണടച്ചേ യുള്ളു ഉണർന്നപ്പോൾ 9 മണി . ഓടിപ്പോയി വാതിലൊക്കെ തുറന്നിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ചായയുമായി ചേച്ചി വന്നു. പിന്നാലെ കുളിക്കാനൊക്കെ വെള്ളം വേണോ എന്ന് ചോദിച്ച് ചേട്ടനും. പോർട്ടബിൾ വാട്ടർ ഹീറ്ററുണ്ട്. ഒന്നു ചൂടു വെള്ളത്തിൽ കുളിക്കാം ഡെൽഹിയിൽ നിന്നും പോന്നിട്ട് ഇതുവരെ കുളിച്ചിട്ടില്ല. ഹീറ്റർ വെള്ളത്തിൽ മുക്കിയിട്ടു. ഇടയ്ക്ക് കരന്റ് പോവുന്നുണ്ട്. ഒരിത്തിരി തണുപ്പു മാറിയപ്പോൾ പോളി പോയി കുളിച്ചു. ചൂടുവെള്ളത്തിൽ കുളിക്കാൻ പോയവൻ തണുത്തു വിറങ്ങലിച്ച് വരുന്നുണ്ട്. തലയിലൊഴിക്കുമ്പോൾ ചൂടുണ്ട് കഴുത്തിനു താഴേയ്ക്കെത്തുമ്പോഴേയ്ക്കും ചൂടൊക്കെ പോവുന്നത്രേ. എനിക്കും ഒന്നു കുളിയ്ക്കണം. ഹീറ്റർ വെള്ളത്തിൽ മുക്കിയിട്ടു. ഇച്ചിരി കഴിഞ്ഞേയുള്ളൂ കരന്റ് പോയി. അര മണിക്കൂറിലേറെ വൈദ്യുതി വരാൻ കാത്തിരുന്നു. സമയം ഏതാണ്ട് 11 മണി ആകുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ. ചൂടായ വെള്ളം മുഴുവൻ പോളി കുളിക്കാനെടുത്തിരിക്കുന്നു. പച്ച വെള്ളത്തിൽ കുളിക്കലേ രക്ഷയുള്ളൂ. വെള്ളം എടുത്തൊഴിച്ചു. തണുത്തിട്ട് ശ്വാസം കിട്ടാതാവുന്ന അവസ്ഥ. എങ്ങിനെയൊക്കെയോ കുളിച്ചിറങ്ങി. എല്ലാം പാക്ക് ചെയ്യ്തു . ടെറസിലേയ്ക്കൊരു മുളയുടെ ഗോവണി കണ്ടു. വലിഞ്ഞു കയറി. 360 ഡിഗ്രിയിൽ ചുറ്റുവട്ടം കാണാനുള്ള ഓരോ കുത്തിക്കഴപ്പുകൾ . ഇത്തിരി കഴിഞ്ഞപ്പോൾ ചേട്ടൻ വന്നു. 1800 കൊടുത്ത് ഡീൽ ആക്കി. ഇനി നേരെ അപ്പർ സ്‌പിറ്റിയിലേക്കാണ്. ഹോം സ്‌റ്റേയിലെ ചേട്ടൻ തീർച്ചയായും അവിടം കാണണം എന്ന് പറഞ്ഞിരുന്നു. വിത്യസ്തമായ പ്രദേശം. സ്പിറ്റി നദിയുടെ കൈവഴികൾ പല മലകളിൽ നിന്നുമായി ഒഴുകി വരുന്നു. ദൂരെ താഴെ യാക്ക് കളുടെ കൂട്ടം വെള്ളം കുടിയ്ക്കാൻ നടന്നു വരുന്നുണ്ട്. നടപ്പിന് ഒരു ആനച്ചന്തം. നിറയെ രോമങ്ങൾ ഉണ്ട്. എല്ലാവരും നിരന്ന് നിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. ഞങ്ങൾ ഞങ്ങളുടെ യാത്രയും. ഇനി തിരികെ കാസക്കാണ് യാത്ര. ഇങ്ങോട്ട് വരും വഴി മഞ്ഞ് ഉരുകി ഐസ് കിടക്കുന്നത് കണ്ടിരുന്നു. Bike അവിടെ നിർത്തി. ഐസ് പൊട്ടിച്ചെടുത്ത് കളി തുടങ്ങി.
![]() |
| മഞ്ഞ് വീണത് ഉരുകി വെള്ളമായി വീണ്ടും ഐസ് ആയി മാറിയിരിക്കുന്നു |
![]() |
| അബ്രക്കാടബ്ര എന്ന് പറഞ്ഞ് ഐസ് വടി വീശുമ്പോൾ തെറിച്ചു പോവണം എന്നാണ് പോളി പറഞ്ഞിട്ടുള്ളത്. |
വഴിയരികിൽ ഒക്കെയും മഞ്ഞ് വീണു കിടപ്പുണ്ടെങ്കിലും വിശാലമായി പരന്നു കിടക്കുന്ന ഇടങ്ങൾ കണ്ടില്ല. തിരികെ വരും വഴി റോഡിനോട് ചേർന്ന് ഒരു മലമുകളിൽ പരന്ന് കിടക്കുന്ന മഞ്ഞ് കണ്ട് അവിടേയ്ക്ക് നടന്നു. പറ്റുന്നില്ല. ശ്വാസം കിട്ടുന്നില്ല. ഹൃദയം പട പടാന്ന് മിടിക്കുന്നു. 15000 അടി ഉയരത്തിലാണുള്ളത്. വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. ഓക്സിജൻ അത്രമേൽ കുറവാണ്. കുറേ നേരമെടുത്തു ലക്ഷ്യത്തിലെത്താൻ. മഞ്ഞുപാളിയിലൂടെ നടക്കാൻ തുടങ്ങി. കാല് ആഴങ്ങളിലേയ്ക്ക് പുതഞ്ഞു പോവുന്നു. ഒരു വിധം അവിടം എത്തിപ്പെട്ടു. ഹെൽമെറ്റ് ഊരിയിട്ടില്ല. മഞ്ഞ് സൂര്യ പ്രകാശമേറ്റ് തിളങ്ങുന്നു. കൂളിങ്ങ് ഗ്ലാസ്സ് ഇല്ലാതെ നോക്കാനാവില്ല. ഹെൽമറ്റിൽ ഒരു കൂളിങ്ങ് ഗ്ലാസ് ഉണ്ട് . അത് രക്ഷയായി. മഞ്ഞിൽ ഓടി നടന്നും കിടന്നുമൊക്കെ കൊതി തീർത്തു. ഇപ്പോൾ ഇവിടുന്ന് രക്ഷപെട്ടാൽ മതിയെന്നായി. തണുത്ത് മരച്ചു തുടങ്ങിയിരിക്കുന്നു. തിരികെ മഞ്ഞിലൂടെ നടന്നു തുടങ്ങി. മഞ്ഞ് ഷൂസിനുള്ളിൽ അതിക്രമിച്ച് കയറിയിരിക്കുന്നു. അപകടകരമാണത്രേ . കാല് മരവിച്ചു പോയേക്കാം. ആ തണുപ്പത്ത് കുത്തിയിരുന്ന് ഷൂസഴിച്ച് മഞ്ഞ് തട്ടിക്കളഞ്ഞപ്പഴേയ്ക്കും ക്ഷീണിച്ചിരിക്കുന്നു. ഓക്സിജന്റെ ഓരോ ലീലാ വിലാസങ്ങൾ . ഇത്രയും ഉയരങ്ങളിൽ മരങ്ങളൊന്നും തന്നെയില്ല. ഉള്ളത് കുറ്റിച്ചെടികളാണ്. മുള്ളുള്ള ഒരു തരം ചെടി എല്ലായിടത്തും കാണാം. ഈ ചെടിയിൽ ചവിട്ടിയാണ് താഴേയ്ക്കിറങ്ങുന്നത്. നേരം ഉച്ചയായിരിക്കുന്നു. മഞ്ഞ് മെല്ലെ ഉരുകിയിട്ടുണ്ട്. മണ്ണ് കുതിർന്നു കിടക്കുകയാണ്. തെന്നാതെയും ഉരുണ്ടു വീഴാതെയും ബൈക്കിനടുത്തെത്തി. അങ്ങനെ മഞ്ഞിലൂടെ നടക്കാനുള്ള ആഗ്രഹം മാറിയിരിക്കുന്നു.
മഞ്ഞിലൂടെയുള്ള നടത്തം നല്ല ആയാസമാണ്. ക്ഷീച്ചിരിക്കുന്നു. നേരെ കാസയ്ക്ക് . കാസ അത്യാവശ്യം വലിയൊരു പ്രദേശമാണ്. പെട്രോൾ പമ്പ് ഒക്കെ ഉണ്ട്. Wanderon എന്ന ഒരു യാത്ര കമ്പനി നദിയുടെ തീരത്ത് ടെൻ്റ് അടിക്കുന്നത് കണ്ടു. അവിടെ ചെന്നു നോക്കിയപ്പോൾ മഞ്ഞു കാലം കഴിഞ്ഞ് ഇപ്പോൾ ടെന്റ് ശരിയാക്കുന്നേയുള്ളു. റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിന് മുകളിലൊരിടത്ത് അവർ താമസിച്ച കാര്യം പശു പറഞ്ഞിരുന്നു. അവിടെ ഒരാൾക്ക് 800 രൂപയാണ് പറഞ്ഞത്. അതും ഡോർമിറ്ററി. Zotel എന്നൊരു സ്ഥാപനം കണ്ടു. അവിടെ റൂം ഫുൾ ആയിട്ടുണ്ട്. 600 രൂപയാണ് ഒരാൾക്ക് ചാർജ് പറഞ്ഞത്. പലയിടത്തും തപ്പി തിരഞ്ഞ് ഒടുവിൽ 700 രൂപ ഒരാൾക്ക് എന്ന രീതിയിൽ ഒരു ഹോം സ്റ്റേയിൽ കൂടാമെന്നുറപ്പിച്ചു. അവിടുത്തെ ചേട്ടനോട് ചോദിച്ച് ഒരു ചൂടു ചായയും കുടിച്ച് ഇത്തിരി നേരം സുഖം പിടിച്ചിരുന്നു. ചിച്ചാമിലെ സ്റ്റേയുമായി തട്ടിച്ചു നോക്കുമ്പോൾ ഇവിടെ അത്ര ഫെസിലിറ്റി ഒന്നുമില്ല. എങ്കിലും റൂമിലെ കർട്ടനുകൾ മാറ്റിയാൽ ദൂരെ മഞ്ഞു പുതഞ്ഞു കിടക്കുന്ന മലകൾ കാണാം.
വിശക്കുന്നുണ്ട്. പുറത്തിറങ്ങി. നിറയെ കടകളുള്ള ടൗൺ ആണിത് . ടൂറിസ്റ്റ്കളെ ലക്ഷ്യം വയ്ക്കുന്ന കടകളാണ് മിക്കതും . ഷോപ്പിങ്ങിനോട് വലിയ താൽപ്പര്യമൊന്നുമില്ല എങ്കിലും ഓർമ്മയ്ക്കു വേണ്ടി എന്തെങ്കിലും മേടിക്കാൻ കിട്ടുമോ എന്ന് നോക്കി എല്ലാ കടകളിലും കയറി ഇറങ്ങി. നിറയെ ജാക്കറ്റുകൾ, തൊപ്പികൾ അങ്ങിനെയങ്ങിനെ. ഒരു കീ ചെയിനും രണ്ട് സ്പിറ്റി വാലിയുടെ സ്റ്റിക്കറും മേടിച്ചതോടെ ഞങ്ങടെ പർച്ചേസ് കഴിഞ്ഞു. ഇനിയെന്തേലും കഴിക്കണം. മായാസ് കിച്ചൺ എന്നൊരു കടയിൽ കയറി മോമോസ് പറഞ്ഞു. കടയിലെ ചേച്ചി എവിടെന്നാണെന്നൊക്കെ തിരക്കി. കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കുറേ ആളുകൾ ചേച്ചിയുടെ കടയിൽ വരാറുണ്ടത്രേ. "ആന്ധ്രയിൽ നിന്നോ " പോളിക്ക് അൽഭുതം. നല്ല റൈഡിങ്ങ് ഗിയേർസു പോലും കിട്ടാത്ത നാടാണ് ആന്ധ്ര . ചേച്ചിയോട് ടാറ്റ പറഞ്ഞിറങ്ങി. തിരികെ വർത്താനം പറഞ്ഞ് നടക്കെ "മലയാളിസ് " എന്നൊരു ചോദ്യം. അഖിനും അശ്വിനുമാണ്. ഞങ്ങളെപ്പോലെ ബൈക്കും എടുത്ത് നാടു കാണാനിറങ്ങിയതാണ്. ഇവരും 11 ന് ഡെൽഹി എത്തിയതാണ്. ഡെൽഹിയിൽ നിന്നും ഉത്തരകാശിയിലൂടെയാണ് ഇവരുടെ വരവ്. ഈ വഴി ഞങ്ങൾ ചിന്തിച്ചേതേയില്ലായിരുന്നു.
തിരികെ റൂമിലെത്തി. വിശേഷങ്ങൾ ബ്ലോഗിൽ എഴുതിക്കൊണ്ടിരിക്കെ എപ്പോഴോ ഉറങ്ങി വീണു.
Day 9: 16 April 2022 Saturday
ഇന്ന് ലാൻങ്ങ്സയും ഹിക്കിമും കോമിക്കുമാണ് കാണാനുള്ളത്
ഭക്ഷണം കഴിയ്ക്കണം. വീണ്ടും മായ ആന്റിയുടെ കടയിൽ തന്നെ ചെന്നു. ചേച്ചി വൻ കമ്പനി. ബൈക്കിലാണ് യാത്ര എന്നു പറഞ്ഞപ്പോൾ "ബൈക്കിലോ " എന്ന് അത്ഭുതം കൂറി. ഹിമാചലിൽ ബൈക്കിനേക്കാളേറെ കാറാണുള്ളത്. തുപ്ക കഴിച്ചിറങ്ങാൻ നേരം എന്റെ ചുരുണ്ട മുടിയിലായി ചേച്ചിക്ക് കൗതുകം. ചേച്ചിയുടെ മുടി സിൽക്കിയാണെന്ന് സങ്കടം. റബ്ബർ ബാൻഡ് മുടിയിൽ എടുത്തിട്ട് എന്നെ സുന്ദരനാക്കി.
നേരെ ലാങ്ങ്സ പിന്നെ ഹിക്കിം . ലോകത്തിലെ ഏറ്റവും ഉയരത്തിലുളള പോസ്റ്റ് ഓഫീസ് ഹിക്കിം ഗ്രാമത്തിലാണ്. ഇന്ന് ശനിയാഴ്ചയാണ്. എന്തു വന്നാലും ഹിക്കിം ഓഫീസിൽ നിന്നും കത്തയച്ചിട്ടേയുള്ളു. കാസയിൽ ഒരു പോസ്റ്റോഫീസ്ണ്ട് അവിടെ നിന്നും ഇൻലന്റും സ്റ്റാമ്പും മേടിച്ചേക്കാമെന്നു വച്ചു. ഹിക്കിമിൽ ചെല്ലുമ്പോൾ ഇതൊക്കെ തീർന്നു പോയെങ്കിലോ. ഇൻലന്റ് ഇല്ല ഉള്ളത് പോസ്റ്റ് കാർഡാണ്. ഓഫീസിലെ ചേട്ടൻ കുറേ നേരം തപ്പി ഒടുവിൽ പോസ്റ്റ് കാർഡും സ്റ്റാമ്പും കണ്ടുപിടിച്ചു. സ്റ്റാമ്പുകൾ തീർന്നിരിക്കുന്നു. എടുത്തു തരാൻ ചേട്ടന് വലിയ താൽപര്യമില്ലാത്ത പോലെ. കിട്ടിയ തെല്ലാം മേടിച്ച് ലാങ്ങ്സയ്ക്ക് .
മഞ്ഞുമൂടിയ ഹിമാലയത്തിലേക്ക് നോക്കിയിരിക്കുന്ന വലിയൊരു ബുദ്ധ പ്രതിമയാണ് ഇവിടുത്തെ വിശേഷം. അടുത്ത് തന്നെ ഒരു മൊണാസ്ട്രിയുമുണ്ട്. ചെറിയ ഗ്രാമം. പക്ഷേ വിശാലമായ പാടങ്ങൾ കാണാം. ടില്ലറിനാൽ പാടങ്ങൾ ഉഴുതു മറിക്കുകയാണ്. വേനലാവുന്നു. കൃഷിയിറക്കേണ്ടേ നേരമാണ്. 14500 ft ഉയരത്തിലാണിപ്പോൾ. ഇവിടെ അപ്പിൾ കൃഷി കാണുന്നില്ല. കുറച്ചു കൂടി ഉയരം കുറഞ്ഞിടത്താണ് ആപ്പിൾ കൃഷി നല്ലവണ്ണം ഉള്ളത്. ഷിംലയുടെ കുന്നുകളിൽ മുഴുവനും ആപ്പിൾ മരങ്ങളാണ്.
ഇനി ഹിക്കിമിലേക്ക് . പല വഴികളും ഗൂഗിൾ മാപ്പിൽ കാണിക്കുന്നില്ല. പക്ഷേ Sign ബോർഡുകളുണ്ട് വഴികളിൽ അവ നോക്കി ഗൂഗിൾ കാണിക്കാത്ത വഴികളിലൂടെയും എത്തിച്ചേരാനാവും. ബൈക്ക് ഓടിയ്ക്കുമ്പോൾ കാറ്റടിച്ച് കൈ മരയ്ക്കുന്നുണ്ട്. ഞാനും പോളിയും മാറി മാറിയാണ് ഓടിക്കുന്നത്.
Day 10: 17 April 2022 Sunday
മൂടിപ്പുതച്ച് ഉറങ്ങാൻ നല്ല സുഖം. ഉണർന്നു വീണ്ടും ഉറങ്ങി. ഇന്ന് നർക്കണ്ട എത്തേണ്ടതുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ബൈക്ക് ലൂബ് ചെയ്തിറങ്ങിയപ്പോഴേയ്ക്കും 11 മണി കഴിഞ്ഞിരിക്കുന്നു. ഇന്നും യാത്രയിൽ അഖിനും അശ്വിനും കൂടെയുണ്ട്.





















Comments
Post a Comment