വയനാടൻ യാത്രാക്കുറിപ്പുകൾ...
വഴി നീളെ പൂത്ത ഗുൽമോഹറുകൾ. അവ നീണ്ടുപോകുന്ന കരിമ്പാതയെ അവിടവിടെ ചെമ്പട്ടുടുപ്പിക്കുന്നു. എന്റെ കലാലയാനുഭവങ്ങളിലെവിടെയും വിപ്ലവച്ചുവപ്പിന്റെ പ്രണയച്ചുവപ്പിന്റെ ഈ പൂമരങ്ങളില്ല. എന്നാൽ ജയരാജിന്റെ 'ഗുൽമോഹർ ' അനുഭവിപ്പിച്ച ഗുൽമോഹറിന്റെ പ്രണയച്ചൂടുണ്ട് വിപ്ലവച്ചൂടുണ്ട് - "അതൊരു പ്രതീക്ഷയാണ്, മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുൽമോഹർ മരത്തിനു കീഴിൽ ഋതുഭേദങ്ങളറിയാതെ കാത്തു നിൽക്കുന്ന ഒരു പെൺകുട്ടി ". വഴിയിലുടനീളം ഓരോ ഗുൽമോഹർ മരങ്ങളും ഈ വാചകങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. മറ്റു പൂമരങ്ങളെ കൺകളാൽ തിരഞ്ഞെങ്കിലും കണ്ടുമുട്ടിയില്ല. ഒരു പക്ഷേ അങ്ങിനെയായിരിക്കാം - കണിക്കൊന്നകൾക്കൊരു കാലം, പൂവാകകൾക്കൊരു കാലം, ഗുൽമോഹറുകൾക്ക് ഒരു കാലം.
താമരശ്ശേരി വരെയും പ്രൈവറ്റ് ബസ്സിനാണ് പോന്നത്. പക്ഷേ ഇനിയങ്ങോട്ട് ആനവണ്ടി കിട്ടിയേ പറ്റൂ. മുന്നിൽ ഒൻപത് ഹെയർ പിൻ വളവുകളോടുകൂടിയ താമരശ്ശേരി ചുരം. ആനവണ്ടിയുടെ വലിയ ജനാലകൾ വലിയ തടസ്സങ്ങളില്ലാതെ പുറം കാഴ്ചകളിലേയ്ക്ക് കണ്ണെത്തിയ്ക്കും. കാത്തു നിന്ന് മുഷിയേണ്ടിവന്നില്ല. ദേ വന്നൂ, ദാ കയറി. KSRTC ബസ്സുകൾക്ക് വല്ലാത്ത ഒരു പരിചിത ഭാവമാണ് - ഏതിനും ഒരേ നിറം, ഒരേ മണം.
![]() |
ആനവണ്ടിയിലെ മോഹിപ്പിയ്ക്കുന്ന ഒരിടം - വഴിയോരക്കാഴ്ചയുടെ വിശാലത.. |
ഒഴിഞ്ഞ സീറ്റുകൾ നിരവധി. പക്ഷേ ഓരോ ആന വണ്ടിയിലും മോഹിപ്പിക്കുന്ന ഒരു ഇടമുണ്ട്. ഡ്രൈവറുടെ തൊട്ടിപ്പുറത്തെ ഒറ്റയാൾ സീറ്റ്. നിർഭാഗ്യവശാൽ അവിടൊരാൾ ഇടം പിടിച്ചിരിക്കുന്നു. ബസ്സിൽ എത്ര തിരക്കുണ്ടെങ്കിലും 180° കാഴ്ച സാധ്യമാക്കുന്ന ഒരേയൊരിടം അതു മാത്രമാണ്. അടിവാരത്തെങ്കിലും അയാളിറങ്ങിയില്ലയെങ്കിൽ, അങ്ങേരോട് അസൂയപ്പെടാൻ മാത്രമേ എനിക്കാവൂ. വയനാടൻ ചുരത്തിന്റെ വലിയൊരു സൗന്ദര്യാനുഭവം എനിക്കു നഷ്ടമാവും. ഭാഗ്യം, അടുത്ത സ്റ്റോപ്പിൽ അയാളിറങ്ങി. അങ്ങനെ അടിവാരമെത്തുന്നതിനു മുന്നേ ആ ഇടം എന്റേതായി.
അമ്മയുടെ മടിയിലിരുന്ന് ബസ്സിൽ യാത്ര ചെയ്യ്തിരുന്ന ഒരു കാലമുണ്ട്. മനസ്സും ശരീരവും കുഞ്ഞായിരുന്ന കാലം. മുൻ സീറ്റിലാണിരുപ്പെങ്കിൽ ഡ്രൈവറെ അനുകരിച്ച് ബസ്സ് വളയ്ക്കാനും തിരിക്കാനും ഉത്സാഹിച്ചിരുന്ന കാലം. ചുരം കയറാൻ ആരംഭിച്ചതോടെ ആ പഴയ മനസ്സുണർന്നു. തിരിഞ്ഞു നോക്കുമ്പോൾ നിറയെ ആളുകൾ അതു കൊണ്ട് കൈയനങ്ങിയില്ല, താടിയും മീശയും വന്നു പോയില്ലേ..?
തൊട്ടു മുന്നേ മറ്റൊരു ആനവണ്ടി പോകുന്നുണ്ട്. അതിനെ ഓവർ ടേക്ക് ചെയ്യണം എന്ന വാശിയിലാണ് നമ്മുടെ ഡ്രൈവറുചേട്ടൻ. നിരന്തരം മുഴങ്ങുന്ന ഹോണിന്റെ ശബ്ദ ശല്യം സഹിക്കാഞ്ഞിട്ടാവണം മുന്നിലെ ബസ്സിന്റെ കണ്ടക്ടർ " എന്തോന്നെഡേയ് " എന്ന് ആംഗ്യം കാണിച്ചത്. ദാ മറികടന്നു എന്ന അവസ്ഥയിലെത്തുമ്പോഴേയ്ക്കും എതിർ ദിശയിൽ നിന്നും ഏതേലും വാഹനം പാഞ്ഞെത്തും. ഒന്നു രണ്ടു ശ്രമങ്ങൾ പാളിയെങ്കിലും ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യ്തു. പലപ്പോഴും KSRTC ഡ്രൈവർമാർ അത്ഭുതമായി തോന്നാറുണ്ട്. KSRTC ബസ്സിന്റെ ഏതാണ്ട് പള്ളയിലാണ് പിൻ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളത് എന്നതുകൊണ്ട് മുൻ ഭാഗം ഒരിത്തിരി തിരയുമ്പഴേയ്ക്ക് വാൽ വശങ്ങളിലേയ്ക്ക് വലിച്ചടിക്കും. അതു കൊണ്ട് കുട്ടിക്കാനം ഏലപ്പാറയിലെ ഓട്ടോക്കാർക്കിടയിൽ ആനവണ്ടിയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട് - "വാലടി വീരന്മാർ".
![]() |
വയനാടൻ ചുരം പച്ചയുടുത്ത് വശ്യമനോഹരിയായിരിയ്ക്കുന്നുക്കുന്നു.... |
ഹെയർ പിൻ വളവുകളൊക്കെയും വീതി കൂട്ടിയതോടെ താമരശ്ശേരി ചുരത്തിന്റെ ഭീകരത കുറഞ്ഞിരിക്കുന്നു. മഴക്കാറുണ്ടെങ്കിലും പെയ്യാനുള്ള സാധ്യത നന്നേ കുറവ്. ഒരാഴ്ച മുമ്പ് പെയ്ത മഴ ചുരത്തെ പച്ചയുടുപ്പിച്ച് അണിയിച്ചൊരുക്കിയിട്ടുണ്ട്. ഏതാണ്ട് ലക്കിടി എത്താറായിരിക്കുന്നു. താഴേയ്ക്കു നോക്കുമ്പോൾ വന്ന വഴി മെലിഞ്ഞു പോയിരിക്കുന്നു. വളഞ്ഞു പുളഞ്ഞ് മരക്കൂട്ടങ്ങൾക്കിടയിൽ തെല്ലൊളിച്ചും തെളിഞ്ഞും വഴിയങ്ങനെ താഴേക്ക് താഴേയ്ക്ക് പോയിരിക്കുന്നു. ബസ്സും ലോറിയുമൊക്കെ കളിപ്പാട്ടങ്ങൾ കണക്ക് കുഞ്ഞായിപ്പോയിരിക്കുന്നു.
അടുത്ത വളവിൽ ലക്കിടി വ്യൂ പോയിന്റ് എന്ന ബോർഡു കണ്ടു. ഇറങ്ങാൻ നേരമായിരിക്കുന്നു. " തൊട്ടടുത്ത സ്റ്റോപ്പിൽ ഒന്നു നിറുത്തിത്തരണേ..." എന്ന് ഡ്രൈവറുചേട്ടനോട്. അങ്ങിനെ വയനാട്ടിലേയ്ക്ക് സ്വാഗതമോതുന്ന കവാടത്തിനപ്പുറം ബസ്സിറങ്ങി.
വന്ന വഴി തിരികെയൊരഞ്ഞൂറു മീറ്റർ നടന്നാൽ ലക്കിടി വ്യൂ പോയിന്റ്. മുന്നിൽ ഒരു കിലോമീറ്ററകലെ കരിന്തണ്ടന്റെ പ്രേതത്തെ പിടിച്ചുകെട്ടിയ ചങ്ങല മരം. കൊളോണിയൽ ഭരണകാലത്ത് ആദിവാസികൾക്ക് മാത്രമറിയാമായിരുന്ന രഹസ്യ വഴിയായിരുന്നത്രേ ലക്കിടി. ഏതോ ഒരു ഇംഗ്ലീഷ് എഞ്ചിനീയർ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ സഹായത്തോടെ വയനാട്ടിലേയ്ക്കുള്ള എളുപ്പവഴി കണ്ടെത്തുകയും അതിന്റെ ക്രഡിറ്റ് സ്വന്തമാക്കാനായി കരിന്തണ്ടനെ കൊന്നുകളയുകയും ചെയ്യ്തു. എന്നാൽ പ്രേതമായെത്തി ഈ വഴിയിലെ സഞ്ചാരികളെ കരിന്തണ്ടൻ ഭയപ്പെടുത്തിയത്രേ. ഒടുവിൽ ഏതോ പൂജാരിയെക്കൊണ്ടുവന്ന് കരിന്തണ്ടനെ ചങ്ങലയാൽ ഒരു കൊച്ചു മരത്തിൽ തളച്ച് പ്രേതബാധ ഒഴിപ്പിച്ചുവത്രേ. ചരിത്രവും അവിശ്വസനീയമായ കെട്ടുകഥകളും ചങ്ങല മരത്തിൽ ഒരു പോലെ കണ്ണി ചേരുന്നു.
![]() |
ചങ്ങല മരം - കരിന്തണ്ടന്റെ പ്രേതത്തെ ഈ മരത്തിൽ ചാങ്ങലയാൽ ബന്ധിപ്പിച്ചിരിക്കുന്നുവത്രേ. |
എന്നിരുന്നാലും വയനാടൻ ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായിരിക്കണം കരിന്തണ്ടതെന്ന ആദിവാസി മൂപ്പൻ. ആ വഴിയേ പോന്നവൻ വഴി വെട്ടിയവനോടൊരാദരവ് കാട്ടേണ്ടതില്ലേ എന്നു തോന്നിയപ്പോൾ നേരേ മൂപ്പന്റെ അടുത്തേയ്ക്കു വച്ചു പിടിച്ചു. ചങ്ങല മരത്തിനു ചുവട്ടിൽ ഒരു ചെറു കൂടാരം, അതിനുള്ളിൽ കത്തി നിൽക്കുന്ന നിലവിളക്ക്, നെയ്യിന്റെയും ചന്ദനത്തിരിയുടേയും പായ്ക്കറ്റുകൾ. ചങ്ങല മരത്തിനടുത്ത് ഒരു ക്ഷേത്രം വരാൻ പോകുന്നു എന്നുറപ്പ്. തൊട്ടടുത്തു വച്ച ഫ്ലക്സ് ബോർഡ് അതു വിളിച്ചു പറയുന്നുമുണ്ട്." ലക്ഷം ദീപം സമർപ്പണം - ലക്കിടി ശ്രീ കരിയാത്തൻ ഭഗവതി മുനിശ്വരൻ കോവിൽ ക്ഷേത്രം ". ഇരുമ്പുകമ്പി കൊണ്ട് വിലങ്ങിട്ട കവാടത്തിനപ്പുറം രണ്ട് കൽത്തറകൾ കാണാം. പുതിയവയാണവ, നിലവിളക്കുകളും കാണാം. ഒന്നു കുനിഞ്ഞാൽ കമ്പിയുടെ അപ്പുറം കടക്കാവുന്നതേയുള്ളൂ. പക്ഷേ ചരിത്ര പ്രാധാന്യമുള്ളതൊന്നും അവിടില്ല എന്നു തോന്നിയതുകൊണ്ടും ക്ഷേത്രം എന്നെഴുതി വച്ചിട്ടുള്ളതുകൊണ്ടും അങ്ങോട്ട് കയറാൻ മിനക്കെട്ടില്ല. തൊട്ടടുത്ത് ചെറിയൊരു ചായക്കടയുണ്ട് അവിടെ നിന്നും ചായയും പരിപ്പുവടയും കഴിക്കുന്നതിനിടയിടെ സംഭാഷണത്തിൽ നിന്നുമാണ് കരിന്തണ്ടന്റെ ശവകുടീരം അതിനുള്ളിലാണെന്നറിയുന്നത്. ചായ കുടി കഴിഞ്ഞ് തിരികെയങ്ങോട്ടു തന്നെ നടന്നു. ഒരു മൂലയ്ക്കൽ കരിന്തണ്ടന്റെ ശവകുടീരം. അതിനെ നിഷ്പ്രഭമാക്കിക്കൊണ്ട് കുട്ടിച്ചാത്തനെ പ്രതിഷ്ഠിച്ച രണ്ടു തറകൾ ഉയർന്നു നിൽക്കുന്നു. ഏറെ വൈകാതെ തന്നെ അവിടൊരു ക്ഷേത്രം വരുമെന്നും ഗണപതിയും ഭഗവതിയുമൊക്കെ പ്രതിഷ്ഠകളാവുകയും ഒരു പക്ഷേ കരിന്തണ്ടൻ ഒരു ദൈവമായോ അവതാരമായോ പുനർജനിക്കുമെന്നുമൊക്കെ കരുതേണ്ടിയിരിക്കുന്നു.
![]() |
മൂപ്പൻ ഇവിടുറങ്ങുന്നു... |
ഇനി ലക്കിടി വ്യൂ പോയിന്റിലേക്ക് . നടവഴിയിൽ ഫോറസ്റ്റ് സ്റ്റേഷനും പള്ളിയും അമ്പലവും വയനാടൻ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയും ആകാശത്തേയ്ക്കു വളർന്നു നിൽക്കുന്ന കോൺക്രീറ്റ് മരങ്ങളും ദൂരെ മലഞ്ചെരുവും. താമരശ്ശേരി വികസിപ്പിച്ചതോടെ ലക്കിടി വ്യൂ പോയിന്റിൽ യഥേഷ്ടം വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നായിരിക്കുന്നു. ചെറുകാറിലെത്തുന്ന ഏതാണ്ടെല്ലാവരും ഒരിത്തിരി നേരം വ്യൂ പോയിന്റിൽ ചിലവഴിച്ചിട്ടേ പോകുന്നുള്ളു. അവധി ദിവസമായതിനാലാവാം ഏറെ തിരക്ക്. ആൾ തിരക്ക് പ്രകൃതി ആസ്വാദനത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു. ചുരത്തിലൂടെ താഴേയ്ക്കു നടന്നു. ആളുകളൊന്നും ഇല്ലാത്തിടം വരെ. കുറച്ചധികം നേരം അവിടങ്ങിനെ നിന്നു. വയനാടൻ കാറ്റ് തൊട്ടുതലോടി കുളിരണിയിപ്പിച്ച് കടന്നു പോവുന്നു. ഒരു മഴ കൂടി പെയ്യ്തിരുന്നെങ്കിൽ എന്ന് മനസ്സാഗ്രഹിച്ചു. ഒന്നു നനഞ്ഞു കുതിർന്നു കുളിരാൻ.
![]() |
ലക്കിടിയിൽ നിന്നും - മലകളും കരിമ്പാതയും താഴ്വാവാരങ്ങളും - പനോരമിക് ദ്യശ്യം |
![]() |
പ്രണയച്ചൂടിന്റെ വിരഹ വേദനയുടെ പ്രണയത്തിന്റെ സ്റ്റാർദ്ദങ്ങളുടെ അടയാളങ്ങൾ.. |
സമയം ആറു മണിയോടടുക്കുന്നു. കുറച്ചു കൂടി കാത്തു നിന്നാൽ ചിലപ്പോൾ കോടമഞ്ഞു കൂടി അനുഭവിക്കാനായേക്കാം. പക്ഷേ ഇനിയും അവിടെ നിൽക്കുക പന്തിയല്ല. ബസ്സിനെ ആശ്രയിച്ചുള്ള യാത്രയാണ്. 7.30 ആകുമ്പോഴേയ്ക്ക് കമ്പളക്കാടെത്തേണ്ടതുണ്ട്. മനസ്സില്ലാ മനസ്സോടെ വന്നിറങ്ങിയ സ്റ്റോപ്പിലേക്ക് തിരികെ നടന്നു....
വയനാടൻ യാത്രാക്കുറിപ്പുകൾ # 2
'ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പോരാടിയ ആദ്യകാല നായകരിലൊരാളായിരുന്ന വീരകേരളവർമ്മ പഴശ്ശി രാജ, AD 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാം തോട്ടിൽ വച്ച് രക്തസാക്ഷിയായി. വീര പഴശ്ശിയുടെ മൃതദേഹം അന്നത്തെ സബ് കളക്ടർ ആയിരുന്ന ടി എച്ച് ബാബറുടെ മഞ്ചത്തിൽ കിടത്തി മാനന്തവാടിയിലെ ഈ മണ്ണിൽ കൊണ്ടുവന്ന് സൈനിക ബഹുമതികളോടെ സംസ്കരിച്ചു' - എന്ന് സമീപത്തെ ബോർഡു പറയുന്നു.
കടുത്ത വേനലിനിപ്പുറം പെയ്ത മഴ, വയനാടൻ വഴികളെ വല്ലാതെ സുന്ദരിയാക്കിയിട്ടുണ്ട്. തളിരിലകളുടെ പച്ചപ്പ് വല്ലാതെ മോഹിപ്പിക്കുന്നു. മരങ്ങളിൽ പുണർന്നു പടർന്ന് ചുറ്റിക്കയറിയ വള്ളിപ്പർപ്പുകൾ പൂവണിഞ്ഞിരിക്കുന്നു...
വയനാടൻ യാത്രാക്കുറിപ്പുകൾ.....
ഇരുമ്പുപാലം കഴിഞ്ഞാൽ വയനാട് വൈൽഡ് ലൈഫ് സാങ്ങ്ച്വറിയായി. പിന്നീടങ്ങോട്ട് തിരുനെല്ലി വരെ 20 കിലോമീറ്റർ വളവും തിരിവും നിറഞ്ഞ വൻവൃക്ഷങ്ങൾ ശാഖ പടർത്തിയ വനവഴി. 16 ആം നൂറ്റാണ്ടുവരെയും ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു തിരുനെല്ലി എന്ന് ചരിത്രം. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുവത്രേ..
പഴശ്ശി സ്മൃതി കുടീരത്തിൽ നിന്നും പെട്ടെന്നിറങ്ങിയെങ്കിലും അടുത്ത ബസ്സ് കിട്ടാൻ ഏറെ വൈകി. നാലു മണിയുടെ ആനവണ്ടിയ്ക്കാണ് കാത്തു നിന്നതെങ്കിലും പ്രൈവറ്റ് ബസ്സിന് കയറി. മൂന്നരയായിരിക്കുന്നു. നല്ല മഴക്കാറുമുണ്ട്. ഇനിയും വൈകിയാൽ സൂര്യനവന്റെ പാട്ടിനു പോകും. പിന്നെ വന വഴികളുടെയും ക്ഷേത്രത്തിന്റെയും മിഴിവുറ്റ ചിത്രങ്ങൾ ഒപ്പിയെടുക്കുക അസാധ്യമാണ്.
ബസ്സിൽ നല്ല തിരക്ക്. പ്രൈവറ്റ് ബസ്സുകളിൽ മുന്നിലെ ചില്ലിലൂടെയുള്ള കാഴ്ചയുടെ വിശാലത സ്ത്രീകൾക്കായി റിസർവ്വ് ചെയ്യപ്പെട്ടിരിക്കുന്നു. അൾ തിരക്കിനിടയിലൂടെ പുറം കാഴ്ചകളിലേയ്ക്ക് കണ്ണെത്തിയ്ക്കുക ആയാസകരമാണ്. കാട്ടിക്കുളം പഞ്ചായത്ത് നടത്തുന്ന കൊയ്ത്തുത്സവത്തിന്റെ ബോർഡുകൾ ഇടയ്ക്കു കാണാം. ചുറ്റിനും തളിരിലകളുടെ പുൽനാമ്പുകളുടെ പച്ചിലപ്പടർപ്പ്. ഇടിവെട്ടി മഴ പെയ്യ്തു തുടങ്ങിയത് പെട്ടന്നായിരുന്നു. ഷട്ടറുകൾ താണു. അതോടെ പുറം കാഴ്ചകൾ പൂർണ്ണമായും അടഞ്ഞു. പെട്ടെന്ന് സഡൻ ബ്രേക്കിട്ട് വണ്ടി നിറുത്തി. ഞങ്ങളുടെ ബസ്സിനു മുന്നിലേയ്ക്കാണ് വലിയൊരു മരക്കൊമ്പ് കാറ്റിൽ അടർന്നു വീണത്. വഴിയിൽ പലയിടങ്ങളിലും പൊട്ടിവീണ മരക്കൊമ്പുകൾ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു. ഒരു മണിക്കൂറോളമാണ് സമയം വൈകിയിരിക്കുന്നത്. നാലിന് പുറപ്പെട്ട ആന വണ്ടി തൊട്ടു പിന്നിൽ എത്തിയിരിക്കുന്നു. അടുത്തിരുന്ന യാത്രക്കാരനോട് തിരികെ യാത്രയ്ക്ക് എപ്പോൾ വരെ ബസ്സുണ്ടാവും എന്നന്വേഷിച്ചപ്പോൾ കൃത്യമായ ധാരണ മൂപ്പർക്കില്ല. ഒരു മണിക്കറോളം ബ്ലോക്കിൽ പെട്ട് എല്ലാ ബസ്സുകളുടെയും സമയം തെറ്റിയതും മുപ്പരോർമ്മപ്പെടുത്തി.
അഞ്ചരയോടെ തിരുനെല്ലിയിലെത്തി, നാലരയ്ക്കെത്തേണ്ടതായിരുന്നു. ഇതു കഴിഞ്ഞാൽ അടുത്ത ബസ്സുണ്ടോയെന്ന് പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറോട് ചോദിച്ചാൽ ഉണ്ടെങ്കിലും ഇല്ല എന്ന മറുപടി മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് ഉറപ്പുള്ളതുകൊണ്ട് അതിനു മിനക്കെട്ടില്ല. ചാടിയിറങ്ങി തൊട്ടു പുറകെയുള്ള ആനവണ്ടിയിൽ കയറി. ഒരു ട്രിപ്പു കൂടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പില്ല എന്ന് കണ്ടക്ടറുടെ മറുപടി. അങ്ങിനെ ക്ഷേത്രം എവിടെയാണെന്ന് കണ്ണുകൾ കൊണ്ടെങ്കിലും പരതിയെത്തുന്നതിനു മുന്നേ മടങ്ങേണ്ടി വന്നു. തിരുനെല്ലിയുടെ മണ്ണിൽ കാലുകുത്താനായി എന്നു മാത്രം.
ബസ് നല്ല വേഗതയിലാണ്. ഒഴിഞ്ഞ സീറ്റുകൾ. മുൻ സീറ്റിലിടം പിടിച്ചു. മുന്നിൽ വെള്ളക്കുറി തൊട്ട കരിമ്പാത, വശങ്ങളിൽ പച്ചപ്പിന്റെ മാസ്മരികത. ഇടയിലെവിടെ കോടമഞ്ഞിന്റെ അപ്പൂപ്പൻ താടി വെളുപ്പും കുളിരും. ഇടയ്ക്കിടെ ഇത്തിരി മുന്നേ ചെയ്ത മഴയിൽ രൂപപ്പെട്ട നീർച്ചാലുകൾ. ഇടയിൽ പലയിടത്തും elephant crossing - ആനത്താരകൾ എന്ന ബോർഡുകൾ. ഏതോ സ്മൃതികളിൽ നിന്നും അവർ നടത്തുന്ന നീണ്ട യാത്രകളുടെ വഴികളാണവ. യാത്രികർ നമ്മൾ മാത്രമല്ലല്ലോ..?
തിരുനെല്ലി ക്ഷേത്രം കാണാനായില്ല എന്ന ദുഃഖം ബാക്കിയാകുമ്പോഴും എത്തിച്ചേരേണ്ടുന്ന ഇടങ്ങൾ മാത്രമല്ലല്ലോ, വഴികളത്രയും അനുഭവങ്ങളുടേതല്ലേ എന്ന ആശ്വാസം. അങ്ങോട്ടു പോകുമ്പോൾ ആൾത്തിരക്കിടയിലൂടെ പാളി നോക്കേണ്ടി വന്ന കാഴ്ചകളെ വിശാലമായാസ്വദിച്ച് തിരികെയാത്ര. പങ്കു വയ്ക്കാനാകുന്ന ഒരേയൊരോർമ്മ ചിത്രം ഇതുമാത്രം. ബാക്കിയെല്ലാം അനുഭൂതികളായി മസ്തിഷ്കത്തിൽ എന്റേതു മാത്രമായ്...
വയനാടൻ യാത്രാക്കുറിപ്പുകൾ......
ഒഴിഞ്ഞ ആനവണ്ടിയുടെ ഏറ്റവും പിന്നിലെ സീറ്റിൽ മുന്നോട്ടു നോക്കിയിരിക്കണം. മുന്നിലെ ചക്രങ്ങൾ ഒരിത്തിരി തിരിയുമ്പോഴേയ്ക്ക് നാമെത്രത്തോളമാണെന്നോ വശങ്ങളിലേക്ക് ആടിയുലഞ്ഞിട്ടുണ്ടാവുക..
പൂർത്തിയാകാതെ പോയ തിരുനെല്ലി യാത്രയുടെ ഒടുക്കമാണിത്. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയ്ക്ക്. പുറത്ത് മഴ ചാറുന്നു. ഇടിമിന്നലുകൾ ആകാശത്ത് വേരു പടർത്തി പിൻവാങ്ങുന്നു. ചില്ലിൽ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളിൽ ചിതറിപ്പടർന് മുന്നിലെ വാഹനങ്ങളിലെ വെളിച്ചം. ഇരച്ചുകയറുന്ന വയനാടൻ തണുപ്പിൽ കൈ കൂട്ടിത്തിരുമ്മി ചൂടുപിടിപ്പ് ഓർമ്മകൾ കൊറിച്ച് അങ്ങി നേയിരുന്നു..
![]() |
നാടുകാണി - ദേവാല - പന്തല്ലൂര് വഴി വയനാടിന്.... |
Comments
Post a Comment