സാലോ അഥവാ സോദോമിന്റെ 120 ദിവസങ്ങൾ
Salò, or the 120 Days of Sodom (1975)
1975 ‧ Pornographic film/Drama ‧ 2h 25m
release: 10 January 1976 (Italy)
Director: Pier Paolo Pasolini
Story by: Marquis de Sade
Languages: Italian, French, German
Screenplay: Pier Paolo Pasolini, Sergio Citti, Pupi Avati
1785 ൽ പുറത്തിറങ്ങിയ മാർക്വിസ് ഡി സാദെയുടെ 120 Days of Sodom എന്ന നോവലിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് പസോളിനിയുടെ സാലോ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലം, മുസോളിനിയുടെ നാസി ജർമ്മനിയിൽ പാവ സംസ്ഥാനമായ Salò Republic ൽ നടക്കുന്ന മനുഷ്യത്വ രഹിത ഫാസിസ്റ്റ് അതിക്രമങ്ങളായാണ് മാർക്വിസിന്റെ 'സോദോമിന്റെ 120 ദിവസങ്ങൾ' ക്ക് പസോളിനി സാലോയിലൂടെ സ്വതന്ത്ര ചലച്ചിത്ര ഭാഷ്യം ഒരുക്കിയിരിക്കുന്നത്"മാനസിക വൈകൃതവും പരപീഡരതിയും വിനോദമായി കാണുന്ന മനുഷ്യ രൂപമുള്ള ജന്തുക്കളുടെ ക്രൂര നീതിയാണ് ഫാസിസം എന്നീ ചിത്രം തെളിയിക്കുന്നു" - ജി.പി രാമചന്ദ്രൻ
ഉന്നത സ്ഥാനീയരായ നാലു പേർ - The Duke, The Bishop, The Magistrate, The President -വൈകൃത കാമ പൂർത്തിയ്ക്കായി 9 കൗമാരക്കാരായ ആൺ കുട്ടികളെയും പെൺകുട്ടികളെയും പിടിച്ചു കൊണ്ടു വരുന്നു. കാമനകളുണർത്തുന്ന കഥകൾ പറയാൻ നാല് മുതിർന്ന സ്ത്രീകളെയും കൂടെ കൂട്ടുന്നു. തുടർന്നുള്ള 120 ദിവസങ്ങൾ അതിപൈശാചികമായ മാനസിക ലൈംഗിക അതിക്രമങ്ങളുടെ, കൊലയുടെ ഇരങ്ങളാവുകയാണ് ആ പതിനെട്ട് കൗമാരക്കാർ. നാലു ഘട്ടങ്ങളിലൂടെ - The Anteinferno, The Circle of Manias, The Circle of Shit, The Circle of Blood - വികസിക്കുന്ന ഡാന്റെയുടെ ഡിവൈൻ കോമഡിയെ അനുസ്മരിപ്പിയ്ക്കുന്ന സാലോ ക്രൂരതയുടെ മഹാനരകക്കാഴ്ചക്കൊടുവിൽ 'ശുഭം' മായി അവസാനിക്കുന്നു.
മൃഗീയതകളുടെ മൂർത്തരൂപം പ്രാപിച്ച സാലോയിൽ പശ്ചാത്തലമായൊഴുകുന്ന ക്ലാസ്സിക്കൽ സംഗീതവും ഉന്നത സംസ്കാരത്തിന്റെ പ്രതീകങ്ങളാകുന്ന ജന്റിൽമാൻ വേഷങ്ങളും വിരോധാഭാസങ്ങളാവുന്നു. കാല്പനികതയുടെ ഉള്ളിൽ നിന്നു കൊണ്ട് നിങ്ങൾക്ക് കണ്ടു തീർക്കാവുന്ന ഒന്നേയല്ല പസോളിനിയുടെ സാലോ, അരോചകവും അസഹ്യവും വെറുപ്പുളവാക്കുന്നതുമായ രണ്ടര മണിക്കൂറാണത്. സാഡിസത്തിന്റെ ആഴങ്ങളാണത്.സാലോ കണ്ടു പൂർത്തിയാക്കുമ്പോഴേക്കും അസാധരണമാം വിധം മാനസിക വൈകൃതങ്ങളുടെ ലോകത്തിലൂടെ നമ്മൾ കടന്നു പോകേണ്ടി വരും. പിന്നീടെപ്പോഴും സാലോയുടെ ഓർമ്മകൾ തീൻമേശയിലേയ്ക്ക് ലൈംഗികതയിലേക്ക് ഇറങ്ങി വന്ന് നമ്മുടെ ചിന്തകളെ നിരന്തരം കൊത്തി വലിച്ചുകൊണ്ടേയിരിക്കും." ഫാസിസം എങ്ങിനെയാണ് മനുഷ്യരെ കീറി മുറിക്കുകയും ചവിട്ടിത്തേയ്ക്കുകയും അരച്ചു കുടിക്കുകയും ചെയ്യുക എന്നത് കാണികളുടെ കാഴ്ചയിലും ബോധത്തിലും മാത്രമല്ല, ശരീരത്തിന്റെ ഓരോ ഞരമ്പുകളിലും അനുഭവിപ്പിക്കാൻ സാധിച്ച ഒരപൂർവ്വ സിനിമയായി സാലോ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു " - ജി പി രാമചന്ദ്രൻ
കണ്ടിരിക്കേണ്ടുന്ന ചിത്രമാണ് സാലോ അഥവാ സോദോമിന്റെ 120 ദിവസങ്ങൾ. പക്ഷേ സൂക്ഷിക്കുക, സാലോ നിങ്ങളെ തീൻമേശയിലും ലൈംഗികതയിലുമെല്ലാം നിരന്തരം അസ്വസ്ഥതയുളവാക്കി വേട്ടയാടുമെന്നുറപ്പ്......
"ഇതിലും തീവ്രതയോടെ ഫാസിസത്തെക്കുറിച്ച് മറ്റൊരു സിനിമയെടുക്കണമെങ്കിൽ ഈ ചിത്രത്തിന്റെ പ്രിന്റുകളും നെഗറ്റീവും തിരിച്ചു കിട്ടാനാവാത്ത വിധം നശിപ്പിയ്ക്കുകയും ഇതുവരെ കണ്ടവരെ തെരഞ്ഞു പിടിച്ച് കഴുത്തറുത്ത് കൊല്ലുകയും ചെയ്യേണ്ടി വരും, അത്രയും ശക്തമായ ചലച്ചിത്രാനുഭമാണ് സാലോ." - ജി പി രാമചന്ദ്രൻ






Comments
Post a Comment