മരണത്തിന്റെ ഇന്റർവ്യൂ..
യാഥാർത്ഥ്യത്തിൽ നിന്നാരംഭിച്ച് ഇടയിൽ ഭ്രമാത്മകതയിലേയ്ക്ക് വഴുതി മാറി മരണത്തിന്റെ മണമനുഭവിപ്പിച്ച് , രക്ഷപെടലിന്റെ ആശ്വാസത്തിനിടയിൽ അപ്രതീക്ഷിത മരണത്തിലൊടുങ്ങുന്നു മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം.
"അവൾ ധൃതിയിൽ നടന്ന് മൂല തിരിഞ്ഞ് മറ്റൊരു വരാന്തയിലെത്തി.അടച്ചിട്ട വലിയ വാതിലുകൾ അവള് കണ്ടു. Dying എന്ന് എഴുതിത്തൂക്കിയിരിക്കുന്നു. സ്പെല്ലിങിന്റെ തെറ്റു കണ്ട് അവൾക്കു ചിരി വന്നു."
ഏഴുനിലകളും ഇരുനൂറിലധികം മുറികളുമുള്ള വളരെയധികം വരാന്തകളുമുള്ള ആ കൂറ്റൻ കെട്ടിടത്തിലേയ്ക്ക് അവളെ എത്തിയ്ക്കുന്നത് 'കാഴ്ചയിൽ യോഗ്യതയും ബുദ്ധി സമർത്ഥ്യവുമുള്ള ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻ ചാർജായി ജോലി ചെയ്യാൻ ആവശ്യമുണ്ട്. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ ധാരണയുണ്ടായിരിയ്ക്കണം' എന്ന പത്ര പരസ്യമാണ്. ഓഫീസ് കണ്ടെത്താനാകാതെ ആ കെട്ടിടത്തിൽ അവൾ അലഞ്ഞു തളരുന്നു. മുമ്പിൽ Dying എന്ന ബോർഡു കാണുന്നു. സ്പെല്ലിങ്ങിന്റെ തെറ്റ് കണ്ട് അവൾക്ക് ചിരി വരുന്നു. ഏതായാലും നിറം കൊടുക്കുന്നവരല്ലേ അവർക്ക് ഓഫീസ് അറിയാതിരിക്കില്ലല്ലോ... അവിടെ ചോദിക്കാമെന്നുദ്ദേശിച്ച് അവൾ വാതിൽ തള്ളിത്തുറക്കുന്നു. അകത്ത് ഒഴിഞ്ഞു കിടക്കുന്ന വലിയ തളം , രണ്ടോ മൂന്നോ കസേരയും ഒരു ചില്ലിട്ട മേശയും. ആരുമില്ലേ ഇവിടെ...?
പണ്ട് എന്റെ കിടപ്പു മുറിയില്, തണുപ്പു കാലത്ത് ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്ന്ന തവിട്ടു നിറം. നിന്റെ സാരിയുടെ നിറം. അത് ജനവാതിലിന്റെ ചില്ലിന്മേല് കൊക്കുകൊണ്ട് തട്ടിനോക്കി. ചില്ല് പൊട്ടിക്കുവാന് ചിറകുകള് കൊണ്ടും തട്ടി. അത് എത്ര ക്ലേശിച്ചു! എന്നിട്ട് എന്തുണ്ടായി? അത് ക്ഷീണിച്ചു നിലത്തുവീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചുകളഞ്ഞു.'
അന്വേഷിച്ചു തളർന്ന അവൾ അല്പ വിശ്രമത്തിനായി കസേരയിലിരിക്കുന്നു. പതിയെ തളർച്ചയിൽ ഉറങ്ങിപ്പോകുന്ന അവൾ കണ്ണു തുറക്കുന്നത് കുതിരയുടേതു പോലെ നീണ്ട മുഖമുള്ള ഒരു ചെറുപ്പക്കാരൻ സോഡയിൽ വിസ്കിയൊഴിക്കുന്ന കാഴ്ചയിലേയ്ക്കാണ്. അയാൾ മരണത്തിന്റെ പ്രതിനിധിയായി അവളെ ഇന്റർവ്യൂ ചെയ്യുന്നു. നിനക്കറിയാമോ മരണത്തിന്റെ മണമെന്താണെന്ന് ? ഏതാണ് നിനക്ക് ഏറ്റവും പ്രിയപ്പെട്ട നേരം ? നീ എന്തു പോലത്തെ സ്ത്രീയാണ് ധൈര്യമുളളവളോ ? ധൈര്യമില്ലാത്തവളോ..?
അവൾ അയാൾക്കു മുമ്പിൽ ജീവിതത്തിനു വേണ്ടി കെഞ്ചുന്നു. എനിക്ക് മരിക്കുവാൻ സമയമായിട്ടില്ല. ഞാൻ ഒരു ഇരുപത്തേഴുകാരിയാണ്. വിവാഹിതയാണ്.അമ്മയാണ്. ഞാനൊരു ഉദ്യോഗം നോക്കി വന്നതാണ്. ഞാൻ വീട്ടിലേയ്ക്ക് മടങ്ങട്ടെ.. അയാളവളെ പോകാനനുവദിയ്ക്കുന്നു. അവൾ ധൃതിയിയിൽ ലിഫ്റ്റിൽ കയറി ബട്ടൺ അമർത്തുന്നു. ഒരു തകർച്ചയുടെ ആദ്യ സ്വരങ്ങളോടെ അത് അനങ്ങി. അപ്പോഴാണ് അവൾ ചുവപ്പക്ഷരങ്ങളിൽ ലിഫ്റ്റിൽ എഴുതി വച്ചിരിക്കുന്നതു കണ്ടത്. 'ലിഫ്റ്റ് കേടുവന്നിരിയ്ക്കുന്നു, അപകടം'.
"നിന്റെ കണ്ണുകൾക്കു മാത്രം കാണാൻ കഴിഞ്ഞിരുന്ന മഞ്ഞപ്പുക്കളുടെ ഇടയിൽ ഞാൻ നിന്നിരുന്നു. നിന്റെ കൈ പിടിച്ച് നിന്നെ എത്തേണ്ടയിടത്ത് എത്തിയ്ക്കുവാൻ.... പക്ഷേ അന്നു നീ വന്നില്ല. നിനക്കെന്റെ സ്നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. അതെ, സ്‌നേഹത്തിന്റെ പരിപൂര്ണത കാണിച്ചുതരുവാന് എനിക്കു മാത്രമേ കഴിയുകയുള്ളൂ. എനിക്കു നീ ഓരോന്നോരോന്നായി കാഴ്‌ചവയ്‌ക്കും.... ചുവന്ന ചുണ്ടുകള്, ചാഞ്ചാടുന്ന കണ്ണുകള്. അവയവഭംഗിയുള്ള ദേഹം.... എല്ലാം..... ഓരോ രോമകൂപങ്ങള്കൂടി നീ കാഴ്‌ചവയ്‌ക്കും. ഒന്നും നിന്റേതല്ലാതാവും, എന്നിട്ട് ഈ ബലിക്കു പ്രതിഫലമായി ഞാന് നിനക്ക് സ്വാതന്ത്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്റെ ഇരമ്പലിലും നീ ഉണ്ടാകും, മഴക്കാലത്ത് കൂമ്പുകള് പൊട്ടിമുളയ്‌ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകള് മണ്ണിന്റെ അടിയില് കിടന്നു തേങ്ങുമ്പോള്, നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും..... നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം..."
മരണത്തിന്റെ നിർവികാരത, കാഠിന്യം കൂടെ മരണം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ ആകാശം - ഇവയൊക്കെ ഈ കഥയിൽ ഭംഗിയായി മാധവിക്കുട്ടി പറഞ്ഞു പോകുന്നു.



Comments
Post a Comment